04/09/2026
[fontresizer_tawhidurrahmandear_widget]

തമിഴ്‌നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റ് ശക്തികളുടെ നീക്കം നടക്കുന്നു; അമിത് ഷായുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഞങ്ങള്‍ സജ്ജം-ഉദയനിധി സ്റ്റാലിന്‍

 തമിഴ്‌നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റ് ശക്തികളുടെ നീക്കം നടക്കുന്നു; അമിത് ഷായുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഞങ്ങള്‍ സജ്ജം-ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിൽ സമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിസംബർ 15-ന് നടന്ന ഡിഎംകെ യൂത്ത് വിംഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിൽ കലാപങ്ങൾ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമമെന്നും, ഇതിനെതിരെ ഡിഎംകെ യുവജനവിഭാഗം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കും എഐഎഡിഎംകെയ്ക്കും എതിരെ രൂക്ഷമായ വിമർശനമാണ് ഉദയനിധി ഉന്നയിച്ചത്. തമിഴ്‌നാട് ബിജെപിയുടെ അടുത്ത ലക്ഷ്യമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരാമർശിച്ച അദ്ദേഹം, ബിജെപിക്ക് തമിഴ്‌നാട്ടിൽ നേരിട്ട് ജയിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഡിഎംകെയുടെ ആശയാടിത്തറയും അച്ചടക്കവും ഇത്തരം വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎഡിഎംകെയെ ‘എഞ്ചിനില്ലാത്ത കാർ’ എന്നാണ് ഉദയനിധി വിശേഷിപ്പിച്ചത്. ബിജെപി കെട്ടിവലിച്ചു കൊണ്ടുപോകുന്ന അവസ്ഥയിലാണ് ഇന്ന് എഐഎഡിഎംകെ എന്നും, 2026-ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ ഉയർത്തിക്കാട്ടുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പരിഹസിച്ചു. തമിഴ്‌നാടിനെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് സ്വന്തം പാർട്ടിയെ ബിജെപിയുടെ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കാൻ എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഉദയനിധി ഉപദേശിച്ചു.

തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ ഡിഎംകെയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി വിമർശിച്ച ഉദയനിധി, ചില പുതിയ രാഷ്ട്രീയ നീക്കങ്ങൾ മഴവില്ല് പോലെ മനോഹരമായി തോന്നാമെങ്കിലും പെട്ടെന്ന് മാഞ്ഞുപോകുമെന്നും, എന്നാൽ ഡിഎംകെയുടെ ‘ഉദയസൂര്യൻ’ എക്കാലവും ജനങ്ങൾക്ക് വഴികാട്ടിയായി നിലനിൽക്കുമെന്നും അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് ശക്തികളുടെ ഏത് നീക്കത്തെയും നേരിടാൻ ഡിഎംകെയുടെ കറുപ്പും ചുവപ്പും അണിഞ്ഞ യുവജനവിഭാഗം സജ്ജമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Also read: