മതം ഉപേക്ഷിച്ചില്ലെങ്കിൽ ഗ്രാമത്തിൽ നിന്ന് പുറത്താക്കും’; പള്ളി പൂട്ടിയിട്ട് ഭീഷണി, ഒഡീഷയിൽ 30 ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം
ഭുവനേശ്വർ: ഒഡീഷയിലെ നബരങ്പൂർ ജില്ലയിൽ പ്രാർത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ പള്ളിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ ഗ്രാമത്തിൽ സംഘർഷം നിലനിൽക്കുന്നു. ഈ മാസം 25ന് കപേന ഗ്രാമത്തിലാണ് സംഭവം നടന്നത്. 30-ഓളം ആദിവാസി ക്രിസ്ത്യൻ കുടുംബങ്ങൾ തങ്ങളെ നിർബന്ധപൂർവ്വം വിശ്വാസം ഉപേക്ഷിക്കാൻ അക്രമികൾ പ്രേരിപ്പിച്ചതായും ശാരീരികമായി ഉപദ്രവിച്ചതായും പരാതിപ്പെട്ടു.
‘എന്തിനാണ് തങ്ങളെ തടയുന്നതെന്ന് ഭക്തർ ചോദിച്ചപ്പോൾ, അക്രമികൾ പള്ളി പുറത്തുനിന്ന് പൂട്ടി എല്ലാവരെയും തടങ്കലിലാക്കുകയായിരുന്നു. തുടർന്ന് ഉച്ചഭാഷിണിയിലൂടെ അവർ പരസ്യമായി ഭീഷണി മുഴക്കി. പ്രാർത്ഥന തുടർന്നാൽ പള്ളി പൊളിച്ചുനീക്കുമെന്നും കുടുംബങ്ങളെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്നുമാണ് അവർ പറഞ്ഞത്,’സംഭവത്തെക്കുറിച്ച് പ്രദേശവാസിയായ ട്യൂന സാന്റ പറഞ്ഞു. ഇതിന് പിന്നാലെ തിങ്കളാഴ്ച ജലധർ സാന്ത (17), മോഹൻ സാന്ത (20) എന്നീ യുവാക്കൾക്ക് നേരെയും ക്രൂരമായ ആക്രമണമുണ്ടായി.
വിഷയത്തിൽ ഉമർകോട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി സമുദായ അംഗങ്ങൾ അറിയിച്ചു. എന്നാൽ ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് ഐഐസി രാമകാന്ത സായ് പ്രതികരിച്ചത്. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗ്രാമത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കൈയേറ്റ ഭൂമിയിൽ പ്രാർത്ഥനാ ഹാൾ നിർമ്മിച്ചതാണ് തർക്കത്തിന് കാരണമെന്ന് നബരംഗ്പൂർ കളക്ടർ മഹേശ്വർ സ്വെയ്ൻ പറഞ്ഞു.
പ്രശ്‌നപരിഹാരത്തിനായി സബ് കളക്ടറുടെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമാധാന സമിതി രൂപീകരിച്ചു. പ്രാർത്ഥനാ ഹാൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനും ഐക്യത്തോടെ ജീവിക്കുന്നതിനുമായി 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങൾ മനഃപൂർവമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് രാഷ്ട്രീയ ക്രിസ്ത്യൻ മോർച്ച ജനറൽ സെക്രട്ടറി പല്ലവ് ലിമ കുറ്റപ്പെടുത്തി.