02/03/2026
[fontresizer_tawhidurrahmandear_widget]

തോൽവിയറിയാത്ത നേതാവ്: ബാരാമതിയുടെ സ്വന്തം ‘ദാദ’

 തോൽവിയറിയാത്ത നേതാവ്: ബാരാമതിയുടെ സ്വന്തം ‘ദാദ’

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ‘അജിത് ദാദ’ എന്ന് അനുയായികൾ സ്‌നേഹത്തോടെ വിളിച്ചിരുന്ന അജിത് അനന്തറാവു പവാർ ഇനി ഓർമ്മ. ഭരണനിപുണത കൊണ്ടും രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. വെറും ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ആധുനിക മഹാരാഷ്ട്രയുടെ സാമ്പത്തിക അടിത്തറ പാകിയ ധനകാര്യ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ന് രാവിലെ പൂനെയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു. പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൈലറ്റുമാരും അപകടത്തിൽ മരണപ്പെട്ടു. മഹാരാഷ്ട്രയുടെ ധനനയങ്ങളുടെ മുഖ്യ ശില്പിയായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

1959 ജൂലൈ 22ന് ജനിച്ച അജിത് പവാർ, അമ്മാവൻ ശരദ് പവാറിന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയത്. 1982ൽ സഹകരണ മേഖലയിലൂടെ പ്രവർത്തനം തുടങ്ങിയ അദ്ദേഹം1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്‌സഭാംഗത്വം അദ്ദേഹം രാജിവച്ചു. 1991ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 20102012, 20122014, 20192022, 20232024, 20242026 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. 20222023 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായും മാറി.

2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2023 ജൂലൈ 2ന് എൻസിപി പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയായി.

എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻസിപി എന്ന പേരും പാർട്ടി ചിഹ്‌നമായ ക്ലോക്കും അജിത് പവാറിന് ലഭിക്കുകയുണ്ടായി.

മഹാരാഷ്ട്രയുടെ സാമ്പത്തിക ഘടനയെയും സഖ്യ രാഷ്ട്രീയത്തെയും രൂപപ്പെടുത്തിയ ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. പവാറിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഭാര്യ സുനേത്ര പവാറും രണ്ട് മക്കളുമുണ്ട്. അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Also read: