‘ഇന്ത്യയ്ക്ക് ഇത് സുവർണ്ണകാലം’; ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്ക
വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് അമേരിക്ക. ‘എല്ലാ ഇടപാടുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായിരിക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അഭിപ്രായപ്പെട്ടു. ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യയെപ്പോലെയുള്ള വലിയ വിപണികളെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും കരാറിൽ ഒപ്പുവെച്ചത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ തൊഴിലാളികൾക്ക് യൂറോപ്പിൽ കൂടുതൽ തൊഴിലവസരങ്ങളും യാത്രാസൗകര്യങ്ങളും ലഭിക്കും. കൂടാതെ, യൂറോപ്യൻ കാറുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന 70 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ 10 ശതമാനമായി കുറയ്ക്കും. ഇത് ഓട്ടോമൊബൈൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കാൻ കാരണമാകും.
വൈൻ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി 90 ശതമാനം യൂറോപ്യൻ ഉൽപ്പന്നങ്ങളുടെയും നികുതി കുറയുന്നത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. അമേരിക്ക കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കൈകോർക്കുന്നത് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കും ആഗോള സാമ്പത്തിക വളർച്ചയ്ക്കും വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.