‘ഡൽഹി അത്ര അകലെയല്ല; എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഓടിയെത്തും’-ദീപക് കുമാറിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥി സംഘം
ജന്മദിനത്തില്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ദീപകിനെ വീട്ടിലെത്തി ആദരിച്ചപ്പോള്‍
ഡെറാഡൂൺ: വർഗീയതയുടെ ഇരുണ്ട കാലത്ത് മാനവികതയുടെ വെളിച്ചമായി മാറിയ ദീപക് കുമാറിന് ഐക്യദാർഢ്യവുമായി ഡൽഹി സർവകലാശാലാ വിദ്യാർഥികൾ. ദീപകിന്റെ ജന്മദിനത്തിലാണ് വിദ്യാർത്ഥി സംഘം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ വീട്ടിലെത്തി കണ്ടത്. ദീപകിനൊപ്പം എപ്പോഴും തങ്ങളുണ്ടാകുമെന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ പാഞ്ഞെത്തുമെന്നും വിദ്യാർഥികൾ ഉറപ്പുനൽകി.
വിദ്യാർഥി നേതാവായ ആയുഷ് ചതുർവേദിയുടെ നേതൃത്വത്തിൽ അഭിഷേക യാദവ്, അഭിമന്യു ആര്യൻ, സുമിത് കുമാർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ദീപക്കിനെ സന്ദർശിച്ചത്. തങ്ങൾ ഏതെങ്കിലും സംഘടനയുടെ പ്രതിനിധികളോ മാധ്യമപ്രവർത്തകരോ അല്ലെന്നും, മറിച്ച് യുവാക്കളായ വിദ്യാർത്ഥികളാണെന്നും ഇവർ വ്യക്തമാക്കി. ‘ദീപക് കുമാർ എന്ന മുഹമ്മദ് ദീപക് ഭയ്യയെ ഞങ്ങൾ കണ്ടു. ഞങ്ങളുടെ വകയായി അദ്ദേഹത്തെ ആദരിച്ചു. ഇനി എന്ത് സംഭവിച്ചാലും ഞങ്ങൾ കൂടെയുണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകി. ഡൽഹിയിൽനിന്ന് കോട്ദ്വാറിലേക്ക് വലിയ ദൂരമില്ല, എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങൾ ഉടനടി ഓടിയെത്തും’- വിദ്യാർത്ഥികൾ കുറിച്ചു.
ദീപക് കാണിച്ച ആ ധൈര്യം യുവതലമുറയിലും ഉണ്ടാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സംഘം പറഞ്ഞു. ‘ഓരോ മുസ്‌ലിമിനു വേണ്ടി ഹിന്ദുവും, ഓരോ ഹിന്ദുവിനും വേണ്ടി മുസ്‌ലിമും നിലകൊള്ളണമെന്നതാണ് ഞങ്ങളുടെ സ്വപ്നം. അത് ഞങ്ങൾ യാഥാർത്ഥ്യമാക്കും. ദീപക് ഭയ്യയുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നു. ഇവിടെ നിന്ന് മടങ്ങുന്നത് മുമ്പത്തേക്കാൾ കൂടുതൽ ധൈര്യം സംഭരിച്ചുകൊണ്ടാണ്’- സന്ദർശനത്തിന് ശേഷം വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ ജനുവരി 26-ന് റിപബ്ലിക് ദിനത്തിലാണ് ദീപക് കുമാർ വാർത്തകളിൽ ഇടംപിടിക്കുന്നത്. ‘ബാബ സ്‌കൂൾ ഡ്രസ്’ എന്ന കടയുടെ പേരിൽ ‘ബാബ’ എന്ന് ഉപയോഗിച്ചതിനെ ചൊല്ലി 70-കാരനായ വക്കീൽ അഹമ്മദ് എന്ന വ്യാപാരിയെ ഒരു സംഘം ആളുകൾ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ദീപക് ധീരമായി ഇടപെടുകയായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായ വക്കീൽ അഹമ്മദിന് നേരെ തിരിഞ്ഞ ആൾക്കൂട്ടത്തോട് ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രതിരോധം തീർത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായതോടെ ദീപകിനെ രാജ്യം ഏറ്റെടുത്തിരിക്കുകയാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു.