4 മാസത്തെ വാടക കൊടുക്കാൻ കഴിഞ്ഞില്ല, മുസ്‌ലിംകൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ ഉടമ ജിമ്മിന്റെ കെട്ടിടം ഒഴിയാൻ ഭീഷണിപ്പെടുത്തുന്നു’: ദീപക് കുമാർ
ഡെറാഡൂൺ: മുസ്‌ലിം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെത്തിയ ബജ്‌റങ്ദൾ പ്രവർത്തകരെ തടഞ്ഞ സംഭവത്തിനു ശേഷം തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വിവരിച്ച് ദീപക് കുമാർ. കഴിഞ്ഞ 4 മാസമായി തന്റെ ജിം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കൊടുക്കാൻ കഴിഞ്ഞില്ലെന്നും വീടിന്റെ ലോൺ അടവും മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ മുസ്‌ലിംകൾക്ക് വേണ്ടി നിലകൊണ്ടു എന്ന കാരണത്താൽ തന്നോട് കെട്ടിടം ഒഴിയണമെന്ന് ഉടമ ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബജ്‌റങ്ദൾ പ്രവർത്തർ ഏർപ്പെടുത്തിയ ഉപരോധത്തിന ശേഷം ജിമ്മിലേക്ക് ആളുകൾ വീണ്ടും വന്നു തുടങ്ങിയാൽ എല്ലാം നേരെയാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു. നൂറ്റമ്പതോളം അംഗങ്ങൾ ഭയം കാരണം വരാതാവുകയും അംഗങ്ങളുടെ എണ്ണം വെറും പതിനഞ്ചായി ചുരുങ്ങുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ തുടങ്ങിയ പ്രമുഖർ ദീപക്കിന് പിന്തുണയുമായി എത്തുകയും ജിമ്മിൽ വാർഷിക അംഗത്വങ്ങൾ എടുക്കുകയും ചെയ്തതോടെ ദിവസേന വരുന്നവരുടെ എണ്ണം എഴുപതോളമായി ഉയർന്നിരുന്നു. എങ്കിലും തുടക്കത്തിലുണ്ടായ വലിയ സാമ്പത്തിക നഷ്ടം ദീപക്കിനെ കടക്കെണിയിലാക്കുകയായിരുന്നു
ജനുവരി 26നാണ് പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലെ ബാബ ഡ്രസ് എന്ന തുടിക്കടയുടെ പേര് മാറ്റണം എന്ന് പറഞ്ഞ് 70 വയസ്സുള്ളയാളെ ബജ്‌റങ്ദൾ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. സുഹൃത്തിനൊപ്പം തൊട്ടടുത്ത കടയിൽ നിൽക്കുന്നതിനിടയിൽ ബഹളം കേട്ട് സംഭവം എന്താണെന്ന് ദീപക് അന്വേശഷിച്ചപ്പോൾ ‘ഇടപെടേണ്ട’ എന്ന താക്കീതാണ് പ്രതിഷേധക്കാർ നൽകിയത്. മറ്റുള്ളവർക്ക് കടയുടെ പേര് ബാബ എന്ന് ആക്കാമെങ്കിൽ വക്കീൽ അഹമ്മദിന് എന്തുകൊണ്ട് മാറ്റിക്കൂടാ എന്നായിരുന്നു ദീപക് ചോദിച്ചത്. ദീപകിന്റെ പേര് ചോദിച്ച പ്രതിഷേധക്കാരോട് മുഹമ്മദ് എന്ന് പേരു പറയുകയും ചെയ്തിരുന്നു.
നിലവിൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവുമായി സഹകരിച്ചു വരികയാണ് ദീപക്. ഈ സംഭവത്തോടെ നിരവധിയാളുകൾ ദീപകിന് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും സാധാരണ രീതിയിലേക്ക് പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മാറിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പുറമെ ഒറ്റപ്പെടുത്തലും ഉപരോധവും ഇദ്ദേഹത്തിനും കുടുംബത്തിനും നേരെയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.