02/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; എന്നാൽ മേഖലാ സംഘർഷത്തിന് താല്പര്യമില്ലെന്ന് ഇറാൻ സൈനിക മേധാവി

 അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; എന്നാൽ മേഖലാ സംഘർഷത്തിന് താല്പര്യമില്ലെന്ന് ഇറാൻ സൈനിക മേധാവി

മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവി

തെഹ്റാൻ: അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ പൂർണ സജ്ജമാണെന്ന് സൈനിക മേധാവി. എന്നാൽ, മേഖലയിൽ ഒരു യുദ്ധം തുടങ്ങാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ സയ്യിദ് അബ്ദുൽറഹീം മൂസവി വ്യക്തമാക്കി. ഇറാൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വ്യോമസേനാ കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുദ്ധത്തിന് തങ്ങൾ സജ്ജമാണെങ്കിലും മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. അഥവാ ഒരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ആക്രമണകാരികൾക്ക് തന്നെയാകും നേരിടേണ്ടി വരിക. യുദ്ധം എത്രകാലം നീണ്ടുനിന്നാലും അതിന് ഇറാൻ സൈന്യം പൂർണസജ്ജമാണെന്നും സയ്യിദ് അബ്ദുൽറഹീം മൂസവി മുന്നറിയിപ്പ് നൽകി.

1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് അമേരിക്കൻ ഉപദേഷ്ടാക്കളുടെ സഹായമില്ലാതെ തന്നെ ഇറാൻ വ്യോമസേന തങ്ങളുടെ കരുത്ത് തെളിയിച്ചതാണ്. ഉപരോധങ്ങളും നിയന്ത്രണങ്ങളും നിറഞ്ഞ മറ്റൊരു യുദ്ധം പിന്നീട് നേരിടേണ്ടി വന്നെങ്കിലും ഇറാന്റെ നിശ്ചയദാർഢ്യത്തെ തകർക്കാൻ അതിനായില്ല. സ്വയംപര്യാപ്തതയിലൂടെ രാജ്യം കരുത്ത് തെളിയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെങ്കിലും, യുക്തിസഹമായ ചർച്ചകൾക്ക് രാജ്യം എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, അന്യായമായ മുൻവ്യവസ്ഥകൾ അംഗീകരിക്കില്ല. മേഖലയിൽ യുദ്ധമുണ്ടായാൽ അത് ഇവിടുത്തെ വികസനത്തെ വർഷങ്ങളോളം പിന്നോട്ടടിപ്പിക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധക്കൊതിയൻ നയങ്ങൾക്കായിരിക്കുമെന്നും ജനറൽ മൂസവി കുറ്റപ്പെടുത്തി.

Also read: