31/03/2026
[fontresizer_tawhidurrahmandear_widget]

മധുരമല്ല, ഇതൊരു ‘സ്ലോ പോയിസൺ’; പഞ്ചസാര ചർമ്മത്തെ പ്രായമാക്കുന്നത് ഇങ്ങനെ

 മധുരമല്ല, ഇതൊരു ‘സ്ലോ പോയിസൺ’; പഞ്ചസാര ചർമ്മത്തെ പ്രായമാക്കുന്നത് ഇങ്ങനെ

മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ നാവിലെ മധുരം ചർമ്മത്തിന്റെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ പഞ്ചസാര ഉപഭോഗം ചർമ്മത്തിന്റെ വാർദ്ധക്യത്തെ വേഗത്തിലാക്കുമെന്നും അകാല ചുളിവുകൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും പ്രമുഖ പോഷകാഹാര വിദഗ്ധരും ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു.

ചർമ്മത്തെ നശിപ്പിക്കുന്ന ‘ഗ്ലൈക്കേഷൻ’

നമ്മൾ കഴിക്കുന്ന പഞ്ചസാര ശരീരത്തിലെ പ്രോട്ടീനുകളുമായി (കൊളാജൻ, എലാസ്റ്റിൻ) ചേരുമ്പോൾ ഉണ്ടാകുന്ന ഗ്ലൈക്കേഷൻ എന്ന പ്രക്രിയയാണ് പ്രധാന വില്ലൻ. ചർമ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നത് കൊളാജൻ ആണ്. പഞ്ചസാര ഇവയുമായി ചേർന്ന് അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്റ്റ്‌സ് (AGEs) എന്ന വിഷ സംയുക്തങ്ങൾ നിർമ്മിക്കുന്നു. ഇത് കൊളാജനെ നശിപ്പിക്കുകയും ചർമ്മം തൂങ്ങാനും ചുളിവുകൾ വീഴാനും കാരണമാവുകയും ചെയ്യുന്നു. വാഴപ്പഴം തൊലി കളഞ്ഞു വെച്ചാൽ തവിട്ടുനിറമാകുന്നതുപോലെ ഒരുതരം ആന്തരിക ബ്രൗണിങ് ആണ് നമ്മുടെ ശരീരത്തിലും സംഭവിക്കുന്നതെന്ന് ഡോ. ആൻഡ്രൂ നിഷ് വിശദീകരിക്കുന്നു.

വീക്കവും ഇൻസുലിൻ പ്രതിരോധവും

ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന സൈറ്റോകൈനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് മുഖക്കുരു, എക്‌സിമ, റോസേഷ്യ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളാക്കും. കൂടാതെ, അമിത പഞ്ചസാര ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഇത് എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും മുഖക്കുരുവിനും ചർമ്മത്തിലെ കറുത്ത പാടുകൾക്കും വഴിവെക്കുകയും ചെയ്യുന്നു.

ടെലോമിയറുകളും വാർദ്ധക്യവും

നമ്മുടെ ഡിഎൻഎയെ സംരക്ഷിക്കുന്ന ടെലോമിയറുകളെ ചുരുക്കുന്നതിലൂടെ കോശങ്ങളുടെ വാർദ്ധക്യ പ്രക്രിയയെ പഞ്ചസാര ത്വരിതപ്പെടുത്തുന്നു. പഞ്ചസാര മൂലം ചർമ്മത്തിലുണ്ടാകുന്ന ദൃശ്യമായ മാറ്റങ്ങൾ മാറ്റിയെടുക്കുക പ്രയാസകരമാണെന്നും, അതിനാൽ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പഞ്ചസാര നിയന്ത്രിക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാം?

  • പാനീയങ്ങൾ നിയന്ത്രിക്കുക: ചായ, കാപ്പി, സോഡ, എനർജി ഡ്രിങ്കുകൾ എന്നിവയിലെ പഞ്ചസാര ഒഴിവാക്കുക. പകരം ധാരാളം വെള്ളം കുടിക്കുക.
  • ലേബലുകൾ ശ്രദ്ധിക്കുക: സംസ്‌കരിച്ച ഭക്ഷണങ്ങളിൽ 80 ശതമാനത്തിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുണ്ട്. മാൽഡെക്‌സ്‌ട്രോസ്, കോൺ സിറപ്പ് തുടങ്ങിയ പേരുകളിൽ ഇവ ലേബലിൽ കാണാം.
  • പഴങ്ങൾ ശീലമാക്കുക: മധുരത്തോടുള്ള ആഗ്രഹം കുറയ്ക്കാൻ സംസ്‌കരിച്ച മധുരത്തിന് പകരം പഴങ്ങൾ, നട്‌സ്, ചീസ് എന്നിവ ലഘുഭക്ഷണമായി തെരഞ്ഞെടുക്കുക.

ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. അതിനാൽ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ചർമ്മത്തിന് തിളക്കവും ദീർഘായുസ്സും നൽകാൻ സഹായിക്കും.

Also read: