ഓട്ടോ തൊഴിലാളി വിദേശത്തുപോയി വന്നപ്പോൾ ജോത്സ്യനായി! ഇൻസ്റ്റഗ്രാമിൽ മില്ല്യൺ കണക്കിന് കാഴ്ച്ചക്കാരുള്ള താരം, രാജൻ ബാബു വി.എസ്. മുരാരി തന്ത്രിയായതിങ്ങനെ
പുത്തൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ ജോത്സ്യൻ വി.എസ്. മുരാരി തന്ത്രിയുടെ പൂർവാശ്രമം തിരഞ്ഞ് സോഷ്യൽ മീഡിയ. മുരാരി തന്ത്രി എന്നറിയിപ്പെടുന്ന രാജൻ ബാബു ഇൻസ്റ്റഗ്രാമിലെ വൈറൽ താരമാണ്. ഇൻസ്റ്റഗ്രാമിൽ 88,000ത്തിലധികം ഫോളോവേഴ്‌സുള്ള ഇയാൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ഓട്ടോഡ്രൈവറിൽ നിന്ന് ‘തന്ത്രി’യിലേക്ക്
മുൻപ് ഓട്ടോറിക്ഷാഡ്രൈവറായിരുന്ന രാജൻ ബാബു, വിദേശത്ത് പോയി തിരിച്ചെത്തിയ ശേഷമാണ് ജോത്സ്യനായി വേഷപ്പകർച്ച നടത്തിയത്. വാക്ചാതുര്യം കൊണ്ട് ആളുകളെ പെട്ടെന്ന് സ്വാധീനിച്ചിരുന്ന ഇയാൾ, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തത്. ഇയാളുടെ പല വീഡിയോകൾക്കും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. തന്ത്രപൂർവ്വം ആളുകളെ വലയിലാക്കുന്ന ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയും അമ്മയും ജ്യോതിഷ സംബന്ധമായ ആവശ്യത്തിനായി ഇയാളുടെ അരീക്കലിലെ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ ‘ബാധ’യുണ്ടെന്നും അത് മാറ്റണമെന്നും വിശ്വസിപ്പിച്ച ഇയാൾ, കുട്ടിയെ തനിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഇന്നലെ ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പോലീസ് പിടികൂടിയത്.