ഇനി റാഫേൽ ‘മെയ്ഡ് ഇൻ ഇന്ത്യ’; ടാറ്റയും ഡസ്സോൾട്ടും കൈകോർക്കുന്നു, 3.25 ലക്ഷം കോടിയുടെ വമ്പൻ കരാറിന് ഒരുങ്ങി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടിറോൾ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകിയേക്കും. 3.25 ലക്ഷം കോടി രൂപയുടെ കരാർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടായി മാറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാന നീക്കം.
കരാർ പ്രകാരം വാങ്ങുന്ന 114 വിമാനങ്ങളിൽ ഏകദേശം 100 എണ്ണവും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഫ്രഞ്ച് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷനും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാകും ഇത് സാധ്യമാകുക. ഹൈദരാബാദിൽ സ്ഥാപിക്കുന്ന അത്യാധുനിക കേന്ദ്രത്തിൽ 2028ഓടെ വിമാനഭാഗങ്ങളുടെ നിർമ്മാണം ആരംഭിക്കും. ഇതോടെ ഉയർന്ന നിലവാരമുള്ള യുദ്ധവിമാന സാങ്കേതികവിദ്യ ഇന്ത്യക്ക് സ്വന്തമാകും.
ഇന്ത്യൻ വ്യോമസേനയിൽ നിലവിൽ 36 റാഫേൽ വിമാനങ്ങളാണുള്ളത്. ഇതിനുപുറമെ, വിമാനവാഹിനിക്കപ്പലുകൾക്കായി 63,000 കോടി രൂപയുടെ കരാറിൽ 26 ‘നാവിക വേരിയന്റുകൾ’ (Rafale-M) ഇന്ത്യ നേരത്തെ ഓർഡർ ചെയ്തിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ റാഫേൽ ഇതിനോടകം തന്നെ അതിന്റെ പ്രഹരശേഷി തെളിയിച്ചിട്ടുണ്ട്. മിറ്റിയോർ മിസൈലുകൾ, ഹാമർ ആയുധങ്ങൾ എന്നിവ വഹിക്കാൻ ശേഷിയുള്ള റാഫേലുകൾ എത്തുന്നതോടെ അയൽരാജ്യങ്ങളുമായുള്ള വ്യോമപ്രതിരോധത്തിൽ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കും.