02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയുണ്ട്, എല്ലാവർക്കും അത് അറിയാം’; ആരോപണവുമായി ശ്രീലങ്കൻ താരം

 ‘ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയുണ്ട്, എല്ലാവർക്കും അത് അറിയാം’; ആരോപണവുമായി ശ്രീലങ്കൻ താരം

കൊളംബോ: ഇന്ത്യൻ താരങ്ങളുടെ ബാറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്‌സെ നടത്തിയ പരാമർശം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവരുടേതിനേക്കാൾ മികച്ചതാണെന്നും അവയിൽ റബ്ബറിന്റെ പാളി പുരട്ടിയിരിക്കുന്നതായി തോന്നുന്നുവെന്നുമാണ് രാജപക്‌സെ അവകാശപ്പെട്ടത്. ഈ വർഷത്തെ ടി20 ലോകകപ്പിനിടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

‘ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾക്ക് അസാധാരണമായ കരുത്തുണ്ട്. റബ്ബർ പാളി ഒട്ടിച്ചതുപോലെയാണ് പന്ത് ബാറ്റിൽ തട്ടി തെറിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറ്റാർക്കും വാങ്ങാൻ പോലും കഴിയാത്തത്ര മികച്ച ഉപകരണങ്ങളാണ് അവർ ഉപയോഗിക്കുന്നത്,’ രാജപക്‌സെ പറഞ്ഞു. ഇത് കേൾക്കുമ്പോൾ മണ്ടത്തരമായി തോന്നാമെങ്കിലും സത്യസന്ധമായ തോന്നലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പരാമർശം വിവാദമായതോടെ താരം വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളുടെ ഗുണനിലവാരവും ലോകോത്തരമാണെന്നും, ഇന്ത്യൻ ബാറ്റ് നിർമ്മാതാക്കളുടെ മികവിനെ ബഹുമാനത്തോടെയാണ് താൻ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.

അതേസമയം, ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അയർലൻഡിനെതിരെ 20 റൺസിന്റെ തകർപ്പൻ ജയം ശ്രീലങ്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, കുശാൽ മെൻഡിസിന്റെ അർദ്ധസെഞ്ച്വറിയുടെയും (56*) കമിന്ദു മെൻഡിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും (19 പന്തിൽ 44) കരുത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ 143 റൺസിൽ ചുരുട്ടിക്കെട്ടാൻ ലങ്കൻ ബൗളർമാർക്ക് സാധിച്ചു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ മഹേഷ് തീക്ഷണയും നായകൻ വാണിന്ദു ഹസരംഗയുമാണ് ഐറിഷ് നിരയെ തകർത്തത്. അയർലൻഡിനായി ഹാരി ടെക്ടർ (40), റോസ് അഡയർ (34) എന്നിവർ പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു.

Also read: