ടയറുകൾ തൊടുമ്പോൾ റോഡും പാടും; ഇന്ത്യയിലെ ആദ്യ മ്യൂസിക് റോഡിൽ ‘ജയ് ഹോ’ കേൾക്കാം
മുംബൈ: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ‘മ്യൂസിക് റോഡ്’ മുംബൈയിൽ തുറന്നു. നഗരത്തിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലെ 500 മീറ്റർ ഭാഗത്താണ് യാത്രക്കാർക്കായി ഈ അപൂർവ്വ സംഗീതാനുഭവം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാതയിലൂടെ നിശ്ചിത വേഗതയിൽ സഞ്ചരിക്കുമ്പോൾ എ.ആർ. റഹ്മാന്റെ വിഖ്യാതമായ ‘ജയ് ഹോ’ എന്ന ഗാനത്തിന്റെ ഈണം റോഡിൽ നിന്ന് മുഴങ്ങിക്കേൾക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ചേർന്നാണ് സംഗീത പാത ഉദ്ഘാടനം ചെയ്തത്. നരിമാൻ പോയിന്റിനെ വോർളിയുമായി ബന്ധിപ്പിക്കുന്ന വടക്കോട്ടുള്ള പാതയിലാണ് നിലവിൽ ഈ സൗകര്യം. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വാഹനങ്ങൾ ഈ ഭാഗത്തെ റംബിൾ സ്ട്രിപ്പുകളിലൂടെ കടന്നുപോകുമ്പോൾ ടയറുകൾ സൃഷ്ടിക്കുന്ന വൈബ്രേഷനാണ് സംഗീതമായി മാറുന്നത്.
ലോകത്ത് ജപ്പാൻ, ഹംഗറി, ദക്ഷിണ കൊറിയ, യുഎഇ എന്നീ രാജ്യങ്ങളിൽ മാത്രമാണ് മുമ്പ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുള്ളത്. മുൻ എംപി രാഹുൽ ഷെവാലെയുടെ ആശയത്തിൽ നിന്നാണ് ബിഎംസി പദ്ധതി നടപ്പിലാക്കിയത്. പരീക്ഷണം വിജയകരമായാൽ സമൃദ്ധി എക്‌സ്പ്രസ് വേ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് പ്രധാന ഹൈവേകളിലേക്കും സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കേവലം യാത്രാ സൗകര്യത്തിനപ്പുറം മുംബൈയുടെ വിനോദസഞ്ചാര മേഖലയ്ക്കും സംഗീത പാത പുതിയ ഉണർവ് നൽകും