02/06/2026
[fontresizer_tawhidurrahmandear_widget]

റിയാദ് ജയിലിലെ ആ സൗഹൃദം നാട്ടിൽ വീണ്ടും പൂവണിഞ്ഞു; ഓർമകൾ പുതുക്കി റഹീമും അനന്തുവും

 റിയാദ് ജയിലിലെ ആ സൗഹൃദം നാട്ടിൽ വീണ്ടും പൂവണിഞ്ഞു; ഓർമകൾ പുതുക്കി റഹീമും അനന്തുവും

റിയാദ് ജയിലിലെ ആ സൗഹൃദം നാട്ടിൽ വീണ്ടും പൂവണിഞ്ഞു; ഓർമകൾ പുതുക്കി റഹീമും അനന്തുവും

മലപ്പുറം: പ്രവാസലോകത്തെ ജയിൽബാരിക്കേഡുകൾക്കുള്ളിൽ തളിരിട്ട അപൂർവ്വമായൊരു മലയാളി സൗഹൃദം വർഷങ്ങൾക്കിപ്പുറം ജന്മനാട്ടിൽ വീണ്ടും പുനർജനിച്ചു. റിയാദിലെ ജയിൽവാസത്തിനിടയിൽ പരിചയപ്പെട്ട പെരുമ്പാവൂർ സ്വദേശി അനന്തുവും കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമും നാട്ടിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് വികാരനിർഭരമായൊരു സംഗമവേദിയായി മാറി. നിയമപോരാട്ടങ്ങൾക്കൊടുവിൽ ജയിൽമോചിതരായി ഇരുവരും ജന്മനാട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്ന അനന്തു ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും കൂടെയുണ്ടായിരുന്ന സ്പോൺസർ മരണപ്പെടുകയും ചെയ്തതോടെയാണ് പെരുമ്പാവൂർ സ്വദേശി ജയിലിലാകുന്നത്. വണ്ടി ഓടിക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്ന കുട്ടി പെപ്സി ബോട്ടിൽ സ്റ്റിയറിങ്ങിലേക്ക് എറിഞ്ഞതിനെത്തുടർന്ന് നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനന്തു 45 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് അപകടത്തെക്കുറിച്ചും സ്പോൺസറുടെ മരണത്തെക്കുറിച്ചും അനന്തു അറിയുന്നത്. തുടർന്ന് ട്രാഫിക് കേസ് ആകേണ്ടിയിരുന്ന സംഭവം കൊലപാതകക്കേസായി മാറുകയും അനന്തു അഞ്ചു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയുമായിരുന്നു.

ഈ ജയിൽവാസ കാലത്താണ്, ദീർഘവർഷങ്ങളായി അവിടെ കഴിഞ്ഞിരുന്ന കോഴിക്കോട്ടുകാരൻ അബ്ദുൽ റഹീമിനെ അനന്തു പരിചയപ്പെടുന്നത്. ഒരേ ജയിലിൽ മുകൾ നിലയിലെ സെല്ലിലായിരുന്നു റഹീം. മെഡിക്കൽ ആവശ്യങ്ങൾക്കായി താഴത്തെ ഒന്നാമത്തെ സെല്ലിലായിരുന്ന അനന്തുവും റഹീമും തമ്മിൽ ജയിലിന്റെ ഗ്ലാസ് ജനലിലൂടെ കൈകൾ കാണിച്ച് പരസ്പരം സൗഹൃദം പുതുക്കുമായിരുന്നു. ജയിലിനുള്ളിൽ വെച്ച് നേരിൽ സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ഇരുവരും തമ്മിൽ ശക്തമായൊരു മാനസിക അടുപ്പം രൂപപ്പെട്ടിരുന്നു.

രണ്ടര മാസം മുൻപാണ് അനന്തു നാട്ടിൽ തിരിച്ചെത്തിയത്. ഈ ബലിപെരുന്നാൾ ദിനത്തിൽ റഹീമും ജയിൽ മോചിതനായി നാട്ടിലെത്തിയതോടെയാണ് ഇരുവരുടെയും പുനസ്സംഗമത്തിന് വഴിയൊരുങ്ങിയത്. റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധീഖ് തൂവർ ആണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. കഴിഞ്ഞ നാലര വർഷമായി ഇരുവർക്കും വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന സിദ്ധീഖ്, ഇവരുടെ കേസിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതിനായി സ്വന്തം വെക്കേഷൻ പോലും മൂന്നര വർഷത്തോളം മാറ്റിവെച്ചാണ് റിയാദിൽ തുടർന്നത്. 20 വർഷത്തോളമായി നടന്നുകൊണ്ടിരുന്ന റഹീമിന്റെ കേസും അനന്തുവിന്റെ കേസും അദ്ദേഹം സമാന്തരമായാണ് കൈകാര്യം ചെയ്തത്.

അനന്തുവിനെ നാട്ടിലെത്തിക്കാൻ ഒപ്പം നിന്ന പെരിന്തൽമണ്ണ സ്വദേശി യൂസഫ് കാരയലിന്റെ വീട്ടിൽ വെച്ചായിരുന്നു സുപ്രധാന കൂടിക്കാഴ്ച. ജയിലിൽ വെച്ച് അനന്തുവിന്റെ വിവരങ്ങൾ നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നുവെന്നും, ഇപ്പോൾ നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അബ്ദുൽ റഹീം പറഞ്ഞു.

Also read: