റഹീമിന്റെ മോചനത്തിനായി കെട്ടുതാലിയും കുരിശും നൽകി; വാടകവീട്ടിൽ കഴിയുന്ന സോഫിക്കും കുടുംബത്തിനും സി.ആർ മഹേഷ് വീടുവെച്ച് നൽകും
ഓച്ചിറ: സൗദി പൗരൻ മരിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി സ്വന്തം കെട്ടുതാലിയും കുരിശും ഊരി നൽകിയ സോഫി ബെന്നിയുടെ കുടുംബത്തിന് സി. ആർ. മഹേഷ് എം.എൽ.എയുടെ സ്നേഹസമ്മാനം. നിലവിൽ വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് പുതിയ വീട് നിർമിച്ചുനൽകുമെന്ന് സോഫിയെയും കുടുംബത്തെയും നേരിട്ട് സന്ദർശിച്ച എം.എൽ.എ ഉറപ്പുനൽകി.
ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന സോഫിയുടെ കുടുംബം ക്ലാപ്പന ഒതളംത്തുമൂട്ടിന് സമീപമാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സോഫിയുടെ ഭർത്താവ് ബെന്നിയുടെ പേരിൽ ആലുംപീടികയിലുള്ള സ്വന്തം ഭൂമിയിലാണ് പുതിയ വീട് ഒരുങ്ങുക.
റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണ സന്നദ്ധയാത്ര രണ്ട് വർഷംമുൻപ് എറണാകുളം ടൗൺ ഹാളിൽ എത്തിയപ്പോഴാണ് സോഫി തന്റെ കഴുത്തിൽക്കിടന്ന താലിയും കുരിശും സംഘാടകനായ ബോബി ചെമ്മണ്ണൂരിന് കൈമാറിയത്. ദയാധനം നൽകി ജയിൽ മോചിതനായി ബക്രീദിന് നാട്ടിലെത്തിയ ദിവസം റഹീം സോഫിയെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചിരുന്നു.