മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു
കൊല്ലം: മുൻ ആരോഗ്യമന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറ ചല്ലിമുക്കിൽ അപകടത്തിൽപ്പെട്ടു. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രിക്കും കുടുംബത്തിനും നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായതാണ് വാഹനം തെന്നിമാറാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിലിടിക്കുന്നതിന് മുൻപ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കേടുപാടുകൾ സംഭവിക്കുകയും ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും മറിഞ്ഞുവീഴുകയും ചെയ്തു. മുൻവശം തകർന്ന കാറിൽ നിന്നും മാറിയ വീണ ജോർജും കുടുംബവും പിന്നീട് മറ്റൊരു വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്.