10/06/2026
[fontresizer_tawhidurrahmandear_widget]

‘ഒരു നിമിഷം വൈകിയെങ്കിൽ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’- ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക

 ‘ഒരു നിമിഷം വൈകിയെങ്കിൽ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’- ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക

കൊട്ടാരക്കര: ‘പ്രതികരിക്കാൻ ഒരു നിമിഷം വൈകിയെങ്കിൽ ഒരു പക്ഷേ
കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’ -ട്രെയിൻ യാത്രയ്ക്കിടെ 6 വയസ്സുകാരിയെ പീഡനത്തിൽ നിന്നു രക്ഷിച്ച സഹയാത്രിക വീണയുടെ വാക്കുകൾ. പാലരുവി എക്‌സ്പ്രസ് ട്രെയിനിൽ ആറുവയസ്സുകാരിയെ പീഡനശ്രമത്തിൽ നിന്ന് രക്ഷിച്ച കൊട്ടാരക്കര സ്വദേശിനി വീണ ഇന്ന് നാടിന്റെ ഹീറോയാണ്. മുത്തച്ഛനോടൊപ്പം ട്രെയിനിലെ തറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുമാറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം അയത്തിൽ സ്വദേശി സാനിഷിനെയാണ് വീണയുടെ സമയോചിതമായ ഇടപെടൽ കുടുക്കിയത്. രാത്രി 12.30-ഓടെ കൊട്ടാരക്കരയിൽ നിന്ന് ട്രെയിൻ കയറിയ വീണയോട് പ്രതി ആദ്യം മോശമായി പെരുമാറാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച വീണ, പിന്നീട് ഇയാൾ തറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് പുതപ്പിനടിയിലേക്ക് മാറ്റുന്നത് കണ്ടതോടെയാണ് ജാഗ്രത പാലിച്ചത്.

പ്രതി കുഞ്ഞിനോട് ചെയ്ത ക്രൂരതകൾ വാക്കുകൾക്ക് അതീതമാണെന്ന് വീണ വേദനയോടെ ഓർക്കുന്നു. ഉടൻ തന്നെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ഇയാളുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന് മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയും ട്രെയിൻ പുനലൂരിലെത്തിയപ്പോൾ പൊലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. ബി.എസ്.ഡബ്ല്യു ബിരുദധാരിയായ വീണ ഇതിനു മുൻപും സമാനമായ രീതിയിൽ ട്രെയിനിൽ അതിക്രമം കാട്ടിയ പ്രതിയെ പിടികൂടാൻ ധൈര്യം കാട്ടിയിട്ടുണ്ട്. ഒരു അമ്മയുടെ കരുത്തോടെ കുഞ്ഞിനെ രക്ഷിച്ച വീണയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കേരളം.

Also read: