03/06/2026
[fontresizer_tawhidurrahmandear_widget]

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി; കുവൈത്തിലും ബഹ്റൈനിലും വ്യോമാക്രമണം; കുവൈത്ത് വിമാനത്താവളം അടച്ചു

 യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി; കുവൈത്തിലും ബഹ്റൈനിലും വ്യോമാക്രമണം; കുവൈത്ത് വിമാനത്താവളം അടച്ചു

കുവൈത്ത്: യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ തിരിച്ചടി ശക്തമാക്കി ഇറാൻ. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ഒന്നിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് യുഎസ് സൈന്യം ഇറാനിലെ ക്വെഷമിൽ വ്യോമാക്രമണം നടത്തിയത്.

അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും യുഎസ് വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രാദേശിക സഖ്യസേനയും ചേർന്ന് തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരിക്കേൽക്കുകയോ സൈനിക ആസ്തികൾക്ക് നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും ഏത് സാഹചര്യവും നേരിടാൻ പൂർണ സജ്ജമാണെന്നും യുഎസ് വ്യക്തമാക്കി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീഷണി ശക്തമായതോടെ ബഹ്റൈൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയതായും, ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

Also read: