03/06/2026
[fontresizer_tawhidurrahmandear_widget]

2 പെട്ടി നിറയെ നോട്ടുകെട്ടുകൾ,ഒരു തോക്ക്, രഹസ്യ ആഡംബര റൂമുകൾ; ബംഗാളിൽ കോളജ് ശുചീകരണത്തിനിടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

 2 പെട്ടി നിറയെ നോട്ടുകെട്ടുകൾ,ഒരു തോക്ക്, രഹസ്യ ആഡംബര റൂമുകൾ; ബംഗാളിൽ കോളജ്  ശുചീകരണത്തിനിടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സെൻട്രൽ കൊൽക്കത്തയിലുള്ള സുരേന്ദ്രനാഥ് കോളേജിൽ നിന്നും വൃത്തിയാക്കുന്നതിനിടെ രണ്ട് പെട്ടി പണവും ഒരു തോക്കും കണ്ടെടുത്തു. മഴക്കാലത്തിന് മുന്നോടിയായി കൊൽക്കത്ത മുൻസിപ്പൽ കോർപറേഷന്റെ നിർദേശപ്രകാരം ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പസിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് ദീർഘകാലമായി പൂട്ടിക്കിടന്ന ഒരു സ്‌റ്റോറൂം തുറന്നത്. കോളേജ് അധികൃതരുടെ സാന്നിധ്യത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോൾ അലമാരയ്ക്കുള്ളിൽ നിന്ന് രണ്ട് പഴയ പെട്ടികൾ കണ്ടെത്തുകയായിരുന്നു. താക്കോൽ ഇല്ലാത്തതിനാൽ പൂട്ട് പൊളിച്ച് നോക്കിയപ്പോൾ അതിൽ 100, 500 രൂപ നോട്ടുകളുടെ വൻ ശേഖരമാണ് കണ്ടത്. വർഷങ്ങളായി അടച്ചിട്ടിരുന്നതിനാൽ നോട്ടുകളിൽ ഭൂരിഭാഗവും ചിതലെടുത്ത് കടുത്ത രീതിയിൽ നശിച്ച നിലയിലായിരുന്നു.

പെട്ടിയിൽ ഏകദേശം 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുണ്ടായിരിക്കുമെന്നാണ് സൂചന. പണത്തിന് പുറമെ ഇതേ മുറിയിൽ നിന്ന് ഒരു റിവോൾവറും പണം പിൻവലിക്കാൻ ഉപയോഗിച്ച ചില ബാങ്ക് വൗച്ചറുകളും പോലീസ് കണ്ടെടുത്തു. തുടർന്ന് ക്യാമ്പസിലെ മറ്റ് ചില മുറികൾ കൂടി പരിശോധിച്ചപ്പോൾ അഞ്ചാം നിലയിൽ ക്ലാസ് മുറികൾക്ക് പകരം എയർകണ്ടീഷണറും ആഡംബര കിടക്കകളും അറ്റാച്ച്ഡ് ബാത്‌റൂമും സൗകര്യങ്ങളുമുള്ള രണ്ട് രഹസ്യ കിടപ്പുമുറികളും മദ്യക്കുപ്പികളും കണ്ടെത്തി.

തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നിയന്ത്രണത്തിലായിരുന്ന മുറിയിൽ നിന്നാണ് പണം കണ്ടെത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. കോളേജ് അഡ്മിഷന്റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് കോഴ വാങ്ങി കൂട്ടിയ പണമാണിതെന്നും സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ മുച്ചിപ്പാറ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ പണത്തിന്റെയും ആയുധങ്ങളുടെയും യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിനായി കോളേജ് യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Also read: