ബംഗാളിൽ മമതാ ബാനർജിക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് 60 ടിഎംസി എംഎൽഎമാരാണ് ഋതബ്രതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള ഋതബ്രതയുടെ അവകാശവാദം സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും ആഭ്യന്തര ഭിന്നതകൾക്കും പിന്നാലെയാണ് മമതയ്ക്ക് ഈ പുതിയ തിരിച്ചടി. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ 60 പേരും വിമതർക്കൊപ്പം ചേർന്നതോടെ മമതയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 20 ആയി ചുരുങ്ങി. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാനും പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്താനും വിമതർക്ക് സാധിച്ചേക്കും.
തങ്ങളാണ് ‘യഥാർഥ തൃണമൂൽ’ എന്ന് വിമതവിഭാഗം അവകാശപ്പെടുമ്പോഴും, മമത തന്നെയാണ് തങ്ങളുടെ നേതാവെന്നും അവരെ പ്രതിപക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഋതബ്രത പ്രതികരിച്ചു. ഇടതുപക്ഷത്തുനിന്ന് 2018-ൽ മമതയ്ക്കൊപ്പം ചേർന്ന ഋതബ്രതയെ പിന്നീട് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃണമൂൽ പുറത്താക്കുകയായിരുന്നു.