02/06/2026
[fontresizer_tawhidurrahmandear_widget]

ട്രംപിനോട് ‘നോ’ പറയാൻ സമയമായി, നെതന്യാഹുവിന് മേൽ കടുത്ത സമ്മർദം; ലബനാൻ ആക്രമണത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷം

 ട്രംപിനോട് ‘നോ’ പറയാൻ സമയമായി, നെതന്യാഹുവിന് മേൽ കടുത്ത സമ്മർദം; ലബനാൻ ആക്രമണത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷം

ജറുസലേം: ലബനാനിലെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ‘നോ’ പറയണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ കടുത്ത സമ്മർദ്ദം. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്താൻ പദ്ധതിയിട്ടിരുന്ന ആക്രമണങ്ങൾ നിർത്തിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം തുടരണമെന്ന ആവശ്യവുമായി ഇസ്രയേലിലെ തീവ്ര വലതുപക്ഷ വിഭാഗം നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്.

ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കണമെന്നും ഇതിനായി ഇസ്രയേൽ പോരാളികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എക്സിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ സുരക്ഷ പുനഃസ്ഥാപിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “അങ്ങ് വളരെ ശക്തനായ ഒരു പ്രധാനമന്ത്രിയാണ്. അമേരിക്കൻ പ്രസിഡന്റിനോട് സാധ്യമാകുമ്പോൾ ‘അതെ’ എന്നും ആവശ്യമുള്ളപ്പോൾ ‘ഇല്ല’ എന്നും പറയുമെന്ന് അങ്ങ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സുഹൃത്തായ പ്രസിഡന്റ് ട്രംപിനോട് ഇപ്പോൾ ‘നോ’ എന്ന് പറയേണ്ട സമയമാണിത്,” ബെൻ-ഗ്വിർ നെതന്യാഹുവിനെ ഓർമ്മിപ്പിച്ചു.

അതേസമയം, ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുകയാണെങ്കിൽ തങ്ങളും തിരിച്ചടിക്കുന്നത് നിർത്താൻ തയ്യാറാണെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്രയേൽ വീണ്ടും ആക്രമണം തുടർന്നാൽ അത് പുരോഗമിക്കുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകളെ തടസ്സപ്പെടുത്തും. ഈ സാഹചര്യത്തിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സ്ഥിഗതികൾ ശാന്തമാക്കാനുമായി ഖത്തറും ഈജിപ്തും വിഷയത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Also read: