ബസിന് മുത്തമിട്ട് ടയറുകൾ തൊട്ടുതൊഴുതു; 18 വർഷത്തെ സർവീസിനൊടുവിൽ വൈകാരികമായി യാത്രപറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ
ജോലിയിൽ നിന്നുള്ള വിരമിക്കൽ ഏറെ വൈകാരികവും വേദന നിറഞ്ഞതുമാണ്. അത്തരമൊരു വൈകാരികത നിറഞ്ഞ വിരമിക്കൽ രംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുൻവശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ നന്നായൊന്നു നോക്കി, പിന്നാലെ ആ ഡ്രൈവർ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മുൻ വശത്തേയും പിന്നിലേയും ടയറുകൾ തൊട്ടൊന്ന് തൊഴുതു, ഇങ്ങനെയായിരുന്നു പോൾ കുര്യൻ എന്ന കെഎസ്ആർടിസി ഡ്രൈവറുടെ യാത്ര പറച്ചിൽ.
അദ്ദേഹത്തിന്റെ ജീവിതമായിരുന്നു ബസും യാത്രയും. എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന് ഓരോ അടിയും മുന്നോട്ടുവയ്ക്കാൻ ധൈര്യം നൽകിയ പ്രിയപ്പെട്ട ചങ്ങാതി. ആ സ്നേഹവും വേദനയും അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിൽ കാണാം.
18 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കുന്ന പോൾ കുര്യൻ വൈകാരികമായി യാത്ര പറയുന്ന വിഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എത്രത്തോളം ഹൃദയവേദനയോടെയാണ് അദ്ദേഹം വിടവാങ്ങുന്നതെന്ന് വ്യക്തമെന്ന് വിഡിയോക്ക് താഴെ ഒരാൾ കുറിച്ചു.
ബസും ജോലിയും ഹൃദയത്തിൽ കൊണ്ടുനടന്ന ഒരാൾക്ക് ഈ രീതിയിലല്ലാതെ എങ്ങനെ യാത്ര പറയാനാകുമെന്നാണ് പലരും ചോദിക്കുന്നത്. വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവർമാരുടെ വേദനയാണിതെന്നും അന്നം തന്ന തൊഴിലിനോടും കാത്ത് രക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് അദ്ദേഹം നൽകുന്നതെന്നും ഒരാൾ കുറിക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് സർവീസിൽ നിന്നും വിരമിക്കുന്ന പോൾ കുര്യൻ.