‘അവന്മാർ വിഴിഞ്ഞത്തുനിന്നാണ് വരുന്നത്, ബാഗിനകത്ത് മീനുണ്ടോ എന്ന് പരിഹസിച്ചവരുണ്ട്; മനുഷ്യരെ സമന്മാരായി കാണാൻ പഠിക്കണം’-സഞ്ജു സാംസൺ | Sanju Samson on racism and Vizhinjam
തിരുവനന്തപുരം: ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിൽ കേരള ടീമിൽ കളിക്കുമ്പോൾ വിഴിഞ്ഞത്തുകാരനായതിന്റെ പേരിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ(Sanju Samson on racism and Vizhinjam). ‘അവന്മാർ വിഴിഞ്ഞത്തുനിന്നാണ് വരുന്നത്, ബാഗിനകത്ത് മീനുണ്ടോ’ എന്നൊക്കെ പറഞ്ഞ് അന്ന് തന്നെ കളിയാക്കിയവരുണ്ട്. അവരിൽ പലരും ഇന്ന് ഫോണിൽ വിളിച്ച് വലിയ കളിക്കാരനാണെന്ന് അഭിനന്ദിക്കാറുണ്ടെന്ന് സഞ്ജു തുറന്നുപറഞ്ഞു. മനുഷ്യരെ സമന്മാരായി കാണാൻ പഠിക്കണമെന്നും എല്ലാവർക്കും എന്തും നേടാൻ കഴിയുമെന്നും താരം ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
”ജീവിതത്തിൽ എത്ര വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാലും എത്ര ഉയരങ്ങളിൽ എത്തിയാലും ഉള്ളിലെ നാട്ടിൻപുറത്തുകാരനും തീരദേശത്തിന്റെ മനക്കരുത്തുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. തീരദേശത്തിന്റെ ജീനാണ് എന്റെ ശരീരത്തിലുള്ളത്. അവിടെയുള്ള ആളുകൾക്ക് കുറച്ച് ആത്മവിശ്വാസവും മനക്കട്ടിയും കൂടുതലാണ്. അവിടെ കുറേ പ്രതിഭകളുണ്ട്, അവർ മുന്നോട്ടുവരണം. അവരെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് ഞാൻ എപ്പോഴും അക്കാര്യം എടുത്തുപറയുന്നത്.”-സഞ്ജു മനസ്സ് തുറന്നു(Sanju Samson on racism and Vizhinjam).
പ്രതിസന്ധികൾ നിറഞ്ഞ കുട്ടിക്കാലം താണ്ടിയാണ് താൻ ഈ നിലയിലെത്തിയതെന്നും താരം ഓർത്തെടുത്തു. ”കേരള ടീമിൽ എത്തുമ്പോൾ ‘അവന്മാർ വിഴിഞ്ഞത്തുനിന്നാണ് വരുന്നത്, ബാഗിനകത്ത് മീനുണ്ടോ’ എന്നൊക്കെ പറഞ്ഞ് കളിയാക്കിയിരുന്നവരുണ്ട്. ആ ചേട്ടനൊക്കെ ഇന്നു വിളിച്ച് ഭയങ്കര കളിക്കാരനാണെന്നു പറയുന്നുണ്ട്. മനുഷ്യരെ സമന്മാരായി കണ്ട് പെരുമാറാൻ പഠിക്കണം. താഴേത്തട്ടിലുള്ളവരെ ആദ്യം ചെറുതായി കണ്ടിട്ട്, അവർ വളരുമ്പോൾ കൂടെനിൽക്കുന്നത് ശരിയല്ല. എല്ലാവരും സമന്മാരാണ്, എല്ലാവർക്കും എന്തും നേടാൻ കഴിയുമെന്നാണ് ഞാൻ എന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്.”-സഞ്ജു കൂട്ടിച്ചേർത്തു(Sanju Samson on racism and Vizhinjam).