02/09/2026
[fontresizer_tawhidurrahmandear_widget]

‘മലയാളമാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കും, ഇംഗ്ലീഷ് 50, സയൻസോ ഫിനാൻസോ ആണെങ്കിൽ 30-35’; വായനയെ കുറിച്ച് മനസ് തുറന്ന് മുഖ്യമന്ത്രി

 ‘മലയാളമാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കും, ഇംഗ്ലീഷ് 50, സയൻസോ ഫിനാൻസോ ആണെങ്കിൽ 30-35’; വായനയെ കുറിച്ച് മനസ് തുറന്ന് മുഖ്യമന്ത്രി

തിരക്കുകൾക്കിടയിലും പുസ്തകങ്ങൾ വായിച്ചുതീർക്കുന്ന സ്വന്തം ശീലത്തെ കുറിച്ചും തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന കണക്കുകൂട്ടലുകളെ കുറിച്ചും മനസ് തുറന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരു അഭിമുഖത്തിലാണ് വായനയോടും രാഷ്ട്രീയ കണക്കെടുപ്പുകളോടുമുള്ള തന്റെ സമീപനം അദ്ദേഹം വ്യക്തമാക്കിയത്.

മലയാള പുസ്തകങ്ങളാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷാണെങ്കിൽ 50 പേജും, സയൻസോ ഫിനാൻസോ പോലെയുള്ള കടുപ്പമുള്ള വിഷയങ്ങളാണെങ്കിൽ 30 മുതൽ 35 പേജ് വരെയുമാണ് വായന. പുസ്തകം വായിച്ചുതുടങ്ങുമ്പോൾ തന്നെ അതിന്റെ വേഗം അളക്കും. രാത്രി തിരക്കുകൾ കഴിഞ്ഞ് ബാക്കിയുള്ള പേജുകൾ വായിച്ചുതീർത്ത ശേഷമേ ഉറങ്ങാറുള്ളൂ. തടസ്സങ്ങൾ വന്നാൽ പിറ്റേന്ന് രാവിലെ അലാം വെച്ച് നേരത്തെ എഴുന്നേറ്റ് ആ ഭാഗം പൂർത്തിയാക്കും. കോളജ് പഠനകാലത്ത് മുൻ വൈസ് ചാൻസലറും കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനുമായിരുന്ന ടി.എൻ. ജയചന്ദ്രനിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. “ലോകത്ത് ഏറ്റവും തിരക്കുള്ളവരാണ് ഏറ്റവും കൂടുതൽ വായിക്കുക” എന്ന അദ്ദേഹത്തിന്റെ വാക്കാണ് തിരക്കേറുന്തോറും വാശിയോടെ വായിക്കാൻ പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌കൂൾ-കോളജ് കാലം മുതൽക്കെ വോട്ടുകൾ കണക്കുകൂട്ടുന്ന ശീലമുണ്ടെന്നും മുഖ്യമന്ത്രി ഓർത്തെടുത്തു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 80 സീറ്റ് കിട്ടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ, പരമാവധി 52 സീറ്റേ ലഭിക്കൂ എന്ന് താൻ പ്രവചിച്ചിരുന്നു. ഫലം വന്നപ്പോൾ 48 സീറ്റുകളാണ് ലഭിച്ചത്. ആയിരത്തിൽ താഴെ വോട്ടുകൾക്ക് തോറ്റ നാല് സീറ്റുകളിൽ കാലുവാരിയില്ലായിരുന്നുവെങ്കിൽ തന്റെ കണക്ക് പൂർണമായും ശരിയാകുമായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Also read: