02/04/2026
[fontresizer_tawhidurrahmandear_widget]

ജിയോക്കെതിരെ ഒറ്റക്കെട്ടായി ആപ്പിളുംമെറ്റയും, ആമസോണും; 6GHz സ്പെക്ട്രം പോര് മുറുകുന്നു

 ജിയോക്കെതിരെ ഒറ്റക്കെട്ടായി ആപ്പിളുംമെറ്റയും, ആമസോണും; 6GHz സ്പെക്ട്രം പോര് മുറുകുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിയിലെ 6G നെറ്റ്‌വർക്കുകൾക്ക് നിർണായകമായ 6 GHz സ്പെക്ട്രം ബാൻഡ് നീക്കിവെക്കുന്നതിനെ ചൊല്ലി പ്രമുഖ യുഎസ് ടെക് ഭീമന്മാരും ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരും തമ്മിൽ ശക്തമായ പോരാട്ടം. റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും (Vi) 6 GHz ബാൻഡ് മൊബൈൽ സേവനത്തിനായി ലേലം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ, ആപ്പിൾ, ആമസോൺ, മെറ്റ, സിസ്‌കോ എന്നിവ ഉൾപ്പെടുന്ന യുഎസ് കമ്പനികളുടെ കൂട്ടായ്മ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) തയ്യാറാക്കിയ സ്പെക്ട്രം ലേല കൺസൾട്ടേഷൻ പേപ്പറിനുള്ള പ്രതികരണത്തിലാണ് ഈ അഭിപ്രായഭിന്നത രേഖപ്പെടുത്തിയത്.

പൂർണമായ 6 GHz ബാൻഡും ലൈസൻസില്ലാത്ത വൈഫൈ ആവശ്യങ്ങൾക്കായി നിലനിർത്തണമെന്നാണ് ആപ്പിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളുടെ സംയുക്ത നിലപാട്. 6 GHz ബാൻഡ് മൊബൈൽ സേവനങ്ങൾ നൽകാൻ സാങ്കേതികമായും വാണിജ്യപരമായും നിലവിൽ അനുയോജ്യമല്ലെന്നാണ് ഇവരുടെ വാദം. 6425-6725 MHz, 7025-7125 MHz ശ്രേണികൾ ഉടൻ ലേലം ചെയ്യരുതെന്നും, ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങൾ വരുന്ന WRC-27 (World Radiocommunication Conference-27) ന് ശേഷം മാത്രം വിശദമായി പരിഗണിക്കണമെന്നും ഇവർ നിർദ്ദേശിച്ചു. മുകളിലെ 6 GHz ബാൻഡിലെ ഉപയോഗിക്കാത്ത ഭാഗം താൽക്കാലികമായി വൈഫൈ ആവശ്യങ്ങൾക്കായി തുറന്നു കൊടുക്കാനും അവർ നിർദേശിക്കുന്നു.

6 GHz ബാൻഡിലെ മുഴുവൻ 1200 MHz ഉം വരാനിരിക്കുന്ന ലേലത്തിൽ ഉൾപ്പെടുത്തണമെന്ന് റിലയൻസ് ജിയോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനകം തന്നെ താഴത്തെ 500 MHz ലൈസൻസില്ലാത്ത വൈഫൈ ആവശ്യങ്ങൾക്ക് നീക്കിവച്ചിട്ടുണ്ടെങ്കിലും, അതും ഉൾപ്പെടുത്തി മുഴുവൻ ബാൻഡും ലേലം ചെയ്യണമെന്നാണ് ജിയോയുടെ ആവശ്യം.

വോഡഫോൺ ഐഡിയ (Vi) ഉടൻ ലഭ്യമായ 400 MHz ലേലം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു. അതേസമയം, എയർടെൽ ഉപകരണങ്ങളും നെറ്റ്‌വർക്ക് സജ്ജീകരണങ്ങളും പൂർണ്ണമായി തയ്യാറല്ലെന്ന കാരണത്താൽ ലേലം വൈകിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ക്വാൽക്കോം (Qualcomm) ലേലം വൈകിപ്പിക്കുന്ന ആശയത്തെ പിന്തുണക്കുകയും, 6 GHz ഭാവിയിലെ 6G നെറ്റ്‌വർക്കുകൾക്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഉൾപ്പെടുന്ന COAI (Cellular Operators Association of India) 6 GHz ബാൻഡ് ലൈസൻസില്ലാത്ത ഉപയോഗത്തിനായി തുറക്കുന്നതിനെ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തുന്നത്.

വൈഫൈയ്ക്കായി ബാൻഡ് തുറക്കുന്നത് വിശ്വസനീയമായ മൊബൈൽ ബ്രോഡ്ബാൻഡ്, ഭാവിയിലെ 6G സേവനങ്ങൾ, രാജ്യവ്യാപകമായ ശക്തമായ നെറ്റ്വർക്ക് ശേഷി എന്നിവയെ ബാധിക്കും. ബാൻഡിന്റെ ഒരു ചെറിയ ഭാഗം പോലും ലൈസൻസില്ലാതെ തുറക്കുന്നത് ഭാവിയിൽ മൊബൈൽ ഉപയോഗത്തിനായി തിരിച്ചുപിടിക്കാൻ കഴിയാത്ത സ്ഥിരമായ നഷ്ടമായിത്തീരും എന്നും COAI മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ വരുമാനത്തെയും ഇന്ത്യൻ ഓപ്പറേറ്റർമാരുടെ മത്സര ശേഷിയെയും ഇത് വിദേശ ടെക് സ്ഥാപനങ്ങൾക്ക് അനുകൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

6 GHz ബാൻഡ് നീക്കിപ്പിരിവിനെ ചുറ്റിപ്പറ്റിയുള്ള ഈ ശക്തമായ ഏറ്റുമുട്ടൽ ഇന്ത്യയുടെ ഭാവി സാങ്കേതിക വളർച്ച, 6G നടപ്പാക്കൽ, ടെലികോം മേഖലയുടെ ദിശ എന്നിവയെ ഗണ്യമായി സ്വാധീനിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

Also read: