‘ലോക പോലീസോ ജഡ്ജിയോ ചമയാന്‍ ഒരു രാജ്യവും നോക്കേണ്ട’; അമേരിക്കയുടെ ഇറാഖ്, ഇറാന്‍ ആക്രമണങ്ങള്‍ ഓര്‍മിപ്പിച്ച് ചൈന
ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ എന്നാണ് ഐക്യരാഷ്ട്രസഭയിലെ ചൈനീസ് സ്ഥാനപതി സുൻ ലെയ് വിശേഷിപ്പിച്ചത്. മദുറോയെയും ഭാര്യയെയും ഉടൻ മോചിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. വെനസ്വേല ഭരിക്കാൻ പോകുന്നത് തങ്ങളാണെന്നും കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്നുമുള്ള യുഎസ് പ്രസ്താവനകൾ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം സെക്യൂരിറ്റി കൗൺസിലിന്റെ അടിയന്തര യോഗത്തിൽ പറഞ്ഞു.
മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന യുഎൻ ചാർട്ടറിലെ അടിസ്ഥാന തത്വങ്ങളെ യുഎസ് കാറ്റിൽ പറത്തിയതായി ചൈന കുറ്റപ്പെടുത്തി. പരമാധികാര സമത്വം, അന്താരാഷ്ട്ര തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം, ബലപ്രയോഗം നിരോധിക്കൽ തുടങ്ങിയ തത്വങ്ങൾ ആഗോള സമാധാനത്തിന്റെ മൂലക്കല്ലുകളാണ്. എന്നാൽ യുഎസ് സ്വന്തം ശക്തിയെ ബഹുസ്വരതയ്ക്ക് മുകളിലും, സൈനിക നടപടികളെ നയതന്ത്ര ചർച്ചകൾക്ക് മുകളിലും പ്രതിഷ്ഠിച്ചിരിക്കുകയാണെന്ന് സുൻ ലെയ് ചൂണ്ടിക്കാട്ടി.
സൈനിക നടപടികൾ ഒരിക്കലും പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നും, അത് വിവേചനരഹിതമായി ഉപയോഗിക്കുന്നത് വലിയ പ്രതിസന്ധികൾക്ക് മാത്രമേ വഴിവെക്കൂ എന്നും ചരിത്ര പാഠങ്ങൾ ഉദ്ധരിച്ച് ചൈന മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയെ മറികടന്ന് ഇറാഖിൽ നടത്തിയ സൈനിക നീക്കങ്ങളും, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടത്തിയ സായുധ അധിനിവേശങ്ങളും സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കിയതല്ലാതെ സമാധാനം കൊണ്ടുവന്നിട്ടില്ലെന്നും ചൈന ഓർമിപ്പിച്ചു.
ലാറ്റിൻ അമേരിക്കൻ മേഖലയെ ഒരു സമാധാന മേഖലയായി നിലനിർത്താൻ ചൈന പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലൻ ജനതയ്ക്കും സർക്കാരിനും ഒപ്പം നിൽക്കുമെന്നും അവരുടെ പരമാധികാരം സംരക്ഷിക്കാൻ സഹകരിക്കുമെന്നും ചൈനീസ് വക്താക്കൾ വ്യക്തമാക്കി. ബഹുസ്വരതയെ തകർത്ത് സൈനിക ശക്തി ഉപയോഗിച്ച് അധീശത്വം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങളുടെ വികസന പാതയും പങ്കാളികളെയും സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് അവകാശമുണ്ട്. അവിടെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ മേഖലയിലെ രാജ്യങ്ങളുമായും രാജ്യാന്തര സമൂഹവുമായും സഹകരിക്കാൻ ചൈന തയ്യാറാണെന്നും മാവോ നിങ് കൂട്ടിച്ചേർത്തു.