27/01/2026

‘കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് മുസ്‌ലിംകളെ ഭയന്ന്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

 ‘കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് മുസ്‌ലിംകളെ ഭയന്ന്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെ ഭയന്നാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നാടായി മുതല്‍ നസ്രാണി വരെ യോജിച്ചുപോകണമെന്ന് പറഞ്ഞത്. അതേസമയം , താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിംകളെ സഹോദരരെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് വി.ഡി സതീശനെന്നും അദ്ദേഹം അപ്രസക്തനാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

”മുസ്‌ലിംകളെ ഭയന്നാണ് ഇന്ന് ക്രിസ്ത്യാനികള്‍ കേരളത്തില്‍ കഴിയുന്നത്. ആ ദുഃഖം അവരില്‍ പലരും പങ്കുവയ്ക്കുകയും ഒന്നിച്ചുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതുകൊണ്ടാണ് നായാടി മുതല്‍ നസ്രാണി വരെ ഒന്നിച്ചുപോകണമെന്ന് പറഞ്ഞത്. എങ്ങനെയെല്ലാം യോജിച്ചുപോകുമെന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ല. 21-ാം തിയതി എസ്എന്‍ഡിപി യോഗം ചേരുന്നുണ്ട്. അതില്‍ തീരുമാനം കൈക്കൊള്ളും.”-വെള്ളാപ്പള്ളി പറഞ്ഞു.

‘ഞാന്‍ മുസ്ലിം വിരോധിയല്ല. മുസ്‌ലിംകള്‍ക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ആ സമുദായത്തെ സഹോദരതുല്യമാണ് സ്‌നേഹിക്കുന്നത്. മലപ്പുറത്തെ എന്റെ വാക്കുകള്‍ വളച്ചൊടിച്ചും വ്യാഖ്യാനിച്ചും എന്നെ വര്‍ഗീയവാദിയാക്കി മാറ്റി. മുസ്‌ലിം ലീഗിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്’-വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ നായാടി മുതല്‍ നസ്രാണി വരെ യോജിപ്പ് വേണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസിന് പ്രസക്തി നഷ്ടപ്പെട്ടതിന് താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്നലെ പൂത്ത തകരയാണ് സതീശന്‍. അപ്രസക്തനാണ്. അദ്ദേഹമാണ് ഞാന്‍ വര്‍ഗീയവാദിയാണെന്ന് ഏറ്റെടുത്ത് പറഞ്ഞുനടക്കുന്നത്. ഞാന്‍ കോണ്‍ഗ്രസിന് എതിരല്ല. കേരളത്തില്‍ അവര്‍ക്ക് പ്രസക്തി ഇല്ലാതെപോയതിന് ഞാന്‍ കാരണക്കാരനല്ല,’ വെള്ളാപ്പള്ളി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവരുടെ തന്നെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം നല്‍കി. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും തമ്മിലടിപ്പിച്ചത് മുസ്ലിം ലീഗ് ആണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

80 കൊല്ലം മുന്‍പ്, സതീശന്‍ ജനിക്കുന്നതിനു മുന്‍പ് തന്റെ അച്ഛന്‍ എന്റെ മൂത്ത സഹോദരിക്ക് ഇംഗ്ലണ്ടില്‍നിന്ന് കാര്‍ ഇറക്കുമതി ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് അച്ഛന്‍ ആഡംബര കാറിലാണ് സഞ്ചരിച്ചിരുന്നത്. വലിയ ഭൂസ്വത്ത് ഉണ്ടായിരുന്നയാളാണ്. കയര്‍ ഉല്‍പന്നങ്ങള്‍ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുകയായിരുന്നു അദ്ദേഹം. സതീശന്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് എന്ത് ആസ്തിയുണ്ടായിരുന്നു? എന്നെ എന്തിന് നിരന്തരം വേട്ടയാടുന്നു? എസ്എന്‍ഡിപി പ്രസ്ഥാനത്തെയും ഈഴവരെയും തകര്‍ക്കുകയാണ് ലക്ഷ്യം. പ്രസ്ഥാനത്തെ പിളര്‍ത്താന്‍ ശ്രമിച്ചവരെല്ലാം സ്വയം പിളര്‍ന്നുപോകുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Also read: