27/01/2026

കൊല്ലത്ത് ലീഗിന്റെ വിസ്മയം; മുതിർന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു

 കൊല്ലത്ത് ലീഗിന്റെ വിസ്മയം; മുതിർന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു

സുജ ചന്ദ്രബാബു, സാദിഖലി തങ്ങള്‍ സുജയെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു

കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം.

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയ-ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് അവർ വ്യക്തമാക്കി. യാതൊരുവിധ വാഗ്ദാനങ്ങളും ഇല്ലാതെ, സ്വന്തം ഇഷ്ടപ്രകാരമാണ് ലീഗിലേക്ക് വന്നതെന്നും ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും അവർ കൂട്ടിച്ചേർത്തു. ഐഷ പോറ്റി ഉന്നയിച്ച കാര്യങ്ങളിൽ തനിക്കും അതേ നിലപാടാണുള്ളതെന്നും, ചില നേതാക്കളാണ് പാർട്ടിയിൽ പലതും നിയന്ത്രിക്കുന്നതെന്നും സുജ വിമർശിച്ചു.

സാദിഖലി തങ്ങൾ സുജ ചന്ദ്രബാബുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത സാദിഖലി തങ്ങൾ, തെക്കൻ കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസം രൂപപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിൽ വിസ്മയമുണ്ടാകുന്നത് തെക്കൻ ജില്ലകളിലാണെന്ന് തങ്ങൾ പറഞ്ഞു.

കൊല്ലം ജില്ലയിലെ സിപിഎമ്മിന്റെ കരുത്തുറ്റ വനിതാ നേതാക്കളിൽ ഒരാളായിരുന്നു സുജ ചന്ദ്രബാബു. കൊട്ടാരക്കര, കൊല്ലം സമ്മേളനങ്ങളിൽ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 30 വർഷത്തെ പാർട്ടി പ്രവർത്തന പാരമ്പര്യമുണ്ട്. മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Also read: