പൊന്നേ… ഇതെങ്ങോട്ടാണ്? പവന് 1.30 ലക്ഷം കടന്നു, സ്വർണ വിലയിൽ റെക്കോർഡ് വർധന
കൊച്ചി: കേരളത്തിലെ സ്വർണ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. പവന് ഒറ്റദിവസം കൊണ്ട് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഇനി 1.40 ലക്ഷം രൂപയിലധികം നൽകേണ്ടി വരും.
വില കൂടാൻ കാരണമെന്ത്?
രാജ്യാന്തര വിപണിയിലുണ്ടായ അസാധാരണമായ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,578 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകളും റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഗോള കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.
വെള്ളിവിലയും റെക്കോർഡിൽ
സ്വർണത്തിന് പിന്നാലെ വെള്ളിവിലയും പുതിയ ഉയരങ്ങൾ കീഴടക്കി. ഗ്രാമിന് 30 രൂപ വർധിച്ച് 410 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് വെള്ളി വില 400 കടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,550 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിലെ ട്രെൻഡ് തുടർന്നാൽ സ്വർണവില വൈകാതെ തന്നെ പവന് ഒന്നര ലക്ഷത്തിലേക്ക് എത്തിയേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.