സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസ്: RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം
തലശ്ശേരി: സി.പി.എം നേതാവായിരുന്ന തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതികൾ ഓരോരുത്തരും 1,40,000 രൂപ പിഴയടക്കണമെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
നാല് വ്യത്യസ്ത വകുപ്പുകളിലായി 35 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിചാരണ നേരിട്ട 12 പ്രതികളിൽ ആദ്യ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 9 മുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. എട്ടാം പ്രതി
വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു.
2008 ഡിസംബർ 31നായിരുന്നു കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളി യൂണിയൻ നേതാവും സി.പി.എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ലതേഷിനെ ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികൾ ആക്രമിച്ചത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു മാരകായുധങ്ങളുപയോഗിച്ചുള്ള ക്രൂരമായ കൊലപാതകം. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന മോഹൻലാലിന് ഗുരുതരമായി പരിക്കേൽക്കുകയും മറ്റു മൂന്ന് പ്രവർത്തകർക്ക് ബോംബേറിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ആകെ 64 സാക്ഷികളുണ്ടായിരുന്നതിൽ 30 പേരെ കോടതി വിസ്തരിച്ചു.