27/01/2026

‘സതീശനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസിന് അടി കിട്ടും’; വിമര്‍ശനവുമായി സുകുമാരന്‍ നായരും

 ‘സതീശനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസിന് അടി കിട്ടും’; വിമര്‍ശനവുമായി സുകുമാരന്‍ നായരും

ചങ്ങനാശ്ശേരി: വെള്ളാപ്പള്ളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്‍, സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണ നിരങ്ങലല്ലേ എന്നും അദ്ദേഹം ചോദിച്ചു.

വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. തനിക്കെതിരെയും സതീശന്‍ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങള്‍ക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാള്‍ എന്‍ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങള്‍ക്കെതിരെ പറഞ്ഞയാള്‍ അതില്‍ ഉറച്ചുനില്‍ക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാന്‍ നടക്കരുതായിരുന്നു എന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

‘നയപരമായ വിഷയങ്ങള്‍ തീരുമാനിക്കാന്‍ സതീശന് എന്ത് അധികാരമാണുള്ളത്? കെ.പി.സി.സി പ്രസിഡന്റ് അവിടെ നോക്കുകുത്തിയാണോ?’ സുകുമാരന്‍ നായര്‍ ചോദിച്ചു.

എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സുകുമാരന്‍ നായര്‍ പിന്തുണച്ചു. മുന്‍പ് സംവരണ വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും, ലീഗ് ഇതില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മുസ്ലിം വിരോധിയല്ലെന്നും ലീഗിനെ വിമര്‍ശിക്കുന്നത് മുസ്ലിം സമുദായത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുമായി മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ക്ഷമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാന്യമായാണ് പെരുമാറുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. താന്‍ രോഗബാധിതനായപ്പോള്‍ അദ്ദേഹം വന്ന് കണ്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് വിശ്വസിക്കുന്നു. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: