‘കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്; വിജിലന്‍സ് തള്ളിയ കേസാണ്’- പുനര്‍ജനി കേസ് അന്വേഷണത്തില്‍ വി.ഡി സതീശന്
വി.ഡി സതീശന്
കോഴിക്കോട്: പുനർജനി കേസ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കത്തെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് വിജിലൻസ് തന്നെ തള്ളിക്കളഞ്ഞ കേസാണ് ഇതെന്നും, പുതിയതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ സി.ബി.ഐക്ക് വിടാനും അദ്ദേഹം വെല്ലുവിളിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നല്കി. “ഇതൊക്കെ കേട്ടിട്ട് ഞാൻ പേടിച്ചുപോയെന്ന് അവരോട് പറഞ്ഞേക്ക്” എന്നായിരുന്നു സതീശന്റെ പരിഹാസം. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം ഭീഷണികളുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് പറഞ്ഞ് വിജിലൻസ് തന്നെ തള്ളിക്കളഞ്ഞതാണ്. ഇനി എം.വി ഗോവിന്ദൻ ഇതിൽ പുതിയതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ ധൈര്യമായി സി.ബി.ഐക്ക് വിടട്ടെ. അന്വേഷണത്തെ ഭയമില്ല.”
വിദേശ സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ വിജിലൻസ് അന്വേഷിച്ചതാണെന്നും എന്നാൽ കഴമ്പില്ലെന്ന് കണ്ട് അവസാനിപ്പിച്ചതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുന്നതിലുള്ള അസഹിഷ്ണുതയാണ് പഴയ കേസുകൾ കുത്തിപ്പൊക്കുന്നതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.