’11 വിമാനങ്ങൾ തകർന്നുവീണു; 200% നികുതി ഭീഷണിയിൽ യുദ്ധം നിർത്തി’; ഓപറേഷൻ സിന്ദൂറിൽ വീണ്ടും ട്രംപ്
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് തന്റെ കർശനമായ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും ഇതോടെയാണ് ഇരുപക്ഷവും യുദ്ധം നിർത്തിയതെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ബോർഡ് ഓഫ് പീസ്’ സമാധാന സമിതിയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ. 2025 മെയ് മാസത്തിലുണ്ടായ വ്യോമാക്രമണങ്ങളിൽ 11 അത്യാധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടു. നേരത്തെ ഇത് ഏഴു വിമാനങ്ങൾ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
‘പണത്തേക്കാൾ വലുതായി ഒന്നുമില്ല. 200 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് പറഞ്ഞതോടെ, വലിയ സാമ്പത്തിക നഷ്ടം ഭയന്ന് അവർ പോരാട്ടം അവസാനിപ്പിച്ചു,’ ട്രംപ് അവകാശപ്പെട്ടു.
തന്റെ ഇടപെടൽ വഴി 2.5 കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചുവെന്നും ഇതിനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ അഭിനന്ദിച്ചുവെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ വേദിയിലുണ്ടായിരുന്ന പാക് പ്രധാനമന്ത്രിയെ എഴുന്നേൽപ്പിച്ച് നിർത്തിയാണ് ട്രംപ് സംസാരിച്ചത്.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമാണെന്നും ഇതിൽ മൂന്നാമതൊരു രാജ്യത്തിന് പങ്കില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് പാക് വിമാനങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായി ഇന്ത്യൻ വ്യോമസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ട്രംപിന്റെ കണക്കുകൾ അതിശയോക്തിപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.