02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെ ആക്രമിച്ചില്ലെങ്കിൽ യുഎസിന്‍റെ പ്രതിച്ഛായ തകരും; ദുർബലരാണെന്ന് ആളുകള്‍ കരുതും’; യുദ്ധത്തിന് നിർബന്ധിച്ച് ഇസ്രയേൽ

 ‘ഇറാനെ ആക്രമിച്ചില്ലെങ്കിൽ യുഎസിന്‍റെ പ്രതിച്ഛായ തകരും; ദുർബലരാണെന്ന് ആളുകള്‍ കരുതും’; യുദ്ധത്തിന് നിർബന്ധിച്ച് ഇസ്രയേൽ

തെൽ അവീവ്: ഇറാനെതിരെ അമേരിക്കയെ ആക്രമണത്തിന് നിർബന്ധിച്ച് ഇസ്രയേൽ. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്കും പ്രകോപനങ്ങൾക്കും മറുപടിയായി സൈനിക നടപടി സ്വീകരിച്ചില്ലെങ്കിൽ, അത് അമേരിക്കയുടെ ദൗർബല്യമായി മേഖലയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഷങ്ടണിൽ രഹസ്യസന്ദർശനം നടത്തിയ ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ഇയാൽ സമീർ, പെന്റഗൺ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആശങ്ക പങ്കുവെച്ചതെന്നാണു വിവരം.

ഇറാൻ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും, ‘അമേരിക്കയ്ക്ക് മരണം’ എന്ന് പാർലമെന്റിൽ മുദ്രാവാക്യം വിളിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് അമേരിക്കയുടെ പ്രതിച്ഛായ തകർക്കുമെന്നാണ് ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നത്. ട്രംപ് ഭരണകൂടം സൈനിക നീക്കത്തിൽനിന്ന് പിന്മാറിയാൽ, അത് ഇറാന്റെ വിജയമായും അമേരിക്കയുടെ തോൽവിയായും ഗൾഫ് രാജ്യങ്ങൾ വിലയിരുത്തും. സൗദി അറേബ്യ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും, അമേരിക്കയുടെ മൗനം അപകടകരമാണെന്ന് അവർ വിശ്വസിക്കുന്നു. ഇസ്രയേൽ ഇന്റലിജൻസ് കൈമാറിയ വിവരങ്ങൾ പ്രകാരം, ഇറാനിലെ പ്രക്ഷോഭകർക്കെതിരെ ഭരണകൂടം നടത്തുന്ന നടപടികൾക്ക് മറുപടി നൽകേണ്ടത് അമേരിക്കയുടെ ധാർമിക ഉത്തരവാദിത്തമാണെന്നാണ് ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘വലിയ കപ്പൽപ്പട’ മേഖലയിൽ എത്തുന്നുണ്ടെങ്കിലും, ട്രംപ് ഇപ്പോഴും ഒരു കരാറിനാണ് മുൻഗണന നൽകുന്നത്. ഈ ചാഞ്ചാട്ടം ഇറാൻ മുതലെടുക്കുമെന്നാണ് ഇസ്രയേലിന്റെ ഭയം. സൈനിക നടപടി ഒഴിവാക്കാൻ ട്രംപ് ഇറാനുമായി തിടുക്കത്തിൽ കരാറുണ്ടാക്കുമോ എന്നതാണ് ഇസ്രയേലിനെ ഏറ്റവും കൂടുതൽ അലട്ടുന്നത്. ആണവ പദ്ധതി മാത്രം നിർത്തിവെച്ച്, ബാലിസ്റ്റിക് മിസൈൽ പദ്ധതി തുടരാൻ ഇറാനെ അനുവദിക്കുന്ന തരത്തിലുള്ള ഏതൊരു കരാറും ഇസ്രയേലിന് വൻ ഭീഷണിയാണ്. മിസൈലുകളെക്കുറിച്ച് ചർച്ചയില്ല എന്ന ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനവും ഇസ്രയേലിന്റെ ഭയം ഇരട്ടിപ്പിക്കുന്നു.

ട്രംപ് അവസാന നിമിഷം പിന്മാറിയാൽ, മേഖലയിൽ ഇറാൻ കൂടുതൽ കരുത്തരാകും. അത് ഇസ്രയേലിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും നെതന്യാഹു ഭരണകൂടം അമേരിക്കയെ അറിയിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also read: