‘ദി മുസ്ലിം ലീഗ് സ്റ്റോറി’; ഉരുൾ കവർന്ന സ്വപ്‌നങ്ങൾക്ക് വയനാട്ടിൽ പുതുജീവൻ; മുണ്ടക്കൈ-ചൂരൽമല സ്‌നേഹഭവനങ്ങൾ നാടിനു സമർപ്പിച്ചു
കൽപറ്റ: പ്രളയം സർവതും കവർന്നെടുത്ത വയനാടിന്റെ മണ്ണിൽ കരുതലിന്റെയും അതിജീവനത്തിന്റെയും പുതിയ ചരിത്രം രചിച്ച് മുസ്ലിം ലീഗ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ചുനൽകുന്ന 105 വീടുകളിൽ നിർമാണം പൂർത്തിയായ 51 ‘സ്‌നേഹഭവന’ങ്ങളുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇനി ഈ സ്‌നേഹഭവനങ്ങളിൽ അവർ സമാശ്വാസത്തോടെ അന്തിയുറങ്ങും.
തൃക്കൈപ്പറ്റ വെള്ളിത്തോടുള്ള പ്രൊജക്റ്റ് സൈറ്റിൽ ഇന്നു വൈകീട്ട് നാലിനു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. പുതിയ വീടുകളുടെ സമർപ്പണത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വെള്ളിത്തോട്ടേക്ക് ഒഴുകിയെത്തിയത്.
മുട്ടിൽ-മേപ്പാടി സംസ്ഥാനപാതയോടു ചേർന്നാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഈ ലീഗ് ടൗൺഷിപ്പ് ഒരുക്കിയിട്ടുള്ളത്. മേപ്പാടി പഞ്ചായത്തിൽത്തന്നെ വീടുകൾ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യം പ്രത്യേകം പരിഗണിച്ചാണ് വെള്ളിത്തോട് പ്രദേശത്ത് 11.22 ഏക്കർ ഭൂമി 14.13 കോടിരൂപ ചെലവഴിച്ച് പദ്ധതിക്കായി മുസ്ലിം ലീഗ് വാങ്ങിയത്.
എട്ടുസെന്റിൽ 1,060 ചതുരശ്രയടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമിച്ചിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകൾ, രണ്ട് ബാത്ത്‌റൂമുകൾ, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് എന്നീ സൗകര്യങ്ങളുണ്ട്. മുറ്റം ഇഷ്ടിക പാകി മനോഹരമാക്കിയിട്ടുണ്ട്. മുൻവശത്ത് ഏഴുമീറ്റർ വീതിയിൽ ടൈൽ പാകിയ റോഡുകളുമുണ്ട്. വീടുകൾക്കൊപ്പം ആവശ്യമായ ഫർണിച്ചറുകളും മുസ്ലിം ലീഗ് സൗജന്യമായി നൽകുന്നുണ്ട്.
ഓരോ വീട്ടുടമയ്ക്കും ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ ശക്തമായ തറബലത്തോടെയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. വീടുകളിലേക്കാവശ്യമായ ശുദ്ധജലത്തിനായി കിണർ കുഴിച്ച് കൂറ്റൻ ടാങ്കും സജ്ജീകരിച്ചിട്ടുണ്ട്.
കമ്യൂണിറ്റി ഹാൾ, കുട്ടികൾക്കായുള്ള പാർക്ക്, അങ്കണവാടി എന്നിവയ്ക്ക് ആവശ്യമായ സ്ഥലസൗകര്യവും ഈ ഭവനസമുച്ചയത്തിലുണ്ട്. ഇതിന് പുറമെ, സർവമത സാഹോദര്യത്തിന്റെ മാതൃകയായി ഒരു ശിവക്ഷേത്രവും ക്രിസ്ത്യൻ പള്ളിയും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഈ ടൗൺഷിപ്പിന് സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്.
സർക്കാരിന്റെ ഗുണഭോക്തൃപട്ടികയിൽനിന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി സ്വീകരിച്ച് മുസ്ലിം ലീഗിന് അപേക്ഷ നൽകിയവരെയാണ് വീടുകൾക്കായി ഗുണഭോക്താക്കളായി പരിഗണിച്ചത്. ജൂലൈ 30ലെ ദുരന്തത്തിന് ശേഷം 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര സഹായം നൽകിയും, വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും ധനസഹായം എത്തിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലീഗ് സജീവമായിരുന്നു.
‘ഇനിയും വേണം നമ്മുടെ കരുതൽ’ എന്ന സന്ദേശമുയർത്തി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജനകീയ ധനസമാഹരണം പുരോഗമിക്കുകയാണ്. ആദ്യഘട്ടമായി നൽകിയ 51 വീടുകൾക്ക് പുറമെ ബാക്കി വരുന്ന 54 വീടുകളുടെ നിർമാണവും ഈ പദ്ധതി പ്രദേശത്ത് അതിവേഗം പുരോഗമിക്കുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങായി മാറിയ ഈ സ്‌നേഹഭവനങ്ങൾ, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ തന്നെ തിളക്കമുള്ള ഒരേടായി മാറുകയാണ്.