02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് വ്യോമതാവളങ്ങൾ നൽകില്ല?; ട്രംപിന്റെ ആവശ്യം തള്ളി സ്റ്റാർമർ

 ‘ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് വ്യോമതാവളങ്ങൾ നൽകില്ല?; ട്രംപിന്റെ ആവശ്യം തള്ളി സ്റ്റാർമർ

ലണ്ടൻ: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സ് താവളമായ ഫെയർഫോർഡും, ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീന പ്രദേശമായ ഡീഗോ ഗാർഷ്യയും ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ബ്രിട്ടൻ തള്ളിയത്.

മുൻകൂർ പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും, ഇതിനായി തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകുന്നത് ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, തെറ്റായ ഒരു ആക്രമണത്തിന് അറിഞ്ഞുകൊണ്ട് സൗകര്യം ചെയ്തുകൊടുക്കുന്ന രാജ്യവും തുല്യ കുറ്റക്കാരാണ്. ഇതാണ് അനുമതി നിഷേധിക്കാൻ സ്റ്റാർമറെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ട്രംപും സ്റ്റാർമറും ഫോണിൽ സംസാരിച്ചിരുന്നു.

ബ്രിട്ടന്റെ തീരുമാനത്തിൽ പ്രകോപിതനായ ഡൊണാൾഡ് ട്രംപ്, ബ്രിട്ടനും മൗറീഷ്യസും തമ്മിലുള്ള ‘ചാഗോസ് ദ്വീപ്’ കരാറിനുള്ള അമേരിക്കൻ പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ഡീഗോ ഗാർഷ്യ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാനും, പകരമായി 99 വർഷത്തേക്ക് അമേരിക്കയ്ക്കും ബ്രിട്ടനും സൈനിക ആവശ്യങ്ങൾക്കായി ദ്വീപ് പാട്ടത്തിന് നൽകാനുമായിരുന്നു ബ്രിട്ടന്റെ മുൻ തീരുമാനം.

തുടക്കത്തിൽ ഈ കരാറിനെ അനുകൂലിച്ചിരുന്ന ട്രംപ്, ബ്രിട്ടൻ വ്യോമതാവളങ്ങൾ നിഷേധിച്ചതോടെ നിലപാട് മാറ്റി. ഈ കരാറിലൂടെ പ്രധാനമന്ത്രി സ്റ്റാർമർ വലിയ അബദ്ധമാണ് കാണിക്കുന്നതെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെ വിമർശിച്ചു.

അമേരിക്കയുടെ ബി-1, ബി-2, ബി-52 തുടങ്ങിയ കൂറ്റൻ സ്ട്രാറ്റജിക് ബോംബർ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും ആക്രമണങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കാനും ഈ രണ്ട് വ്യോമതാവളങ്ങളും അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ വർഷം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബി-2 ബോംബറുകൾ ഉപയോഗിച്ച് മിന്നലാക്രമണം നടത്തിയപ്പോൾ അമേരിക്കയിലെ മിസോറിയിൽനിന്ന് നേരിട്ടായിരുന്നു വിമാനങ്ങൾ പറന്നത്. ഏകദേശം 37 മണിക്കൂർ നീണ്ട യാത്രയായിരുന്നു അത്.

എന്നാൽ, നിലവിൽ ആഴ്ചകൾ നീളുന്ന വലിയൊരു സൈനിക നീക്കത്തിനാണ് അമേരിക്ക കോപ്പുകൂട്ടുന്നത്. അതിന് ഇറാന് താരതമ്യേന അടുത്തുള്ള ബ്രിട്ടീഷ് താവളങ്ങൾ അനിവാര്യമാണെന്നുമാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് സൗഹൃദ രാജ്യങ്ങളിലെ താവളങ്ങൾ ഉപയോഗിച്ചാൽ, തങ്ങളുടെ ബോംബറുകൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം ഉണ്ടാകാൻ കാരണമായേക്കാം എന്ന ഭയവും അമേരിക്കയ്ക്കുണ്ട്.

ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ പാടില്ല. എന്നാൽ മേഖലയിലെ സമാധാനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്.

Also read: