‘മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമവിരുദ്ധം’; സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മീഷനായി നിയമിച്ച നടപടി വഖഫ് നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോർഡിന്റെ വാദം. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ വഖഫ് ട്രിബ്യൂണലിന് മാത്രമേ അധികാരമുള്ളൂ എന്ന് ബോർഡ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
വഖഫ് ആക്ട് സെക്ഷൻ 83 (1) പ്രകാരം തർക്കഭൂമികളിൽ അന്തിമ തീർപ്പ് കൽപ്പിക്കേണ്ടത് ട്രിബ്യൂണലാണ്. കോടതികൾക്കോ ജുഡീഷ്യൽ കമ്മീഷനോ ഇതിൽ ഇടപെടാൻ അധികാരമില്ലെന്ന് എം.കെ. സക്കീർ ചെയർമാനായ വഖഫ് ബോർഡ് വ്യക്തമാക്കുന്നു. നിലവിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ സർക്കാർ ഏകപക്ഷീയമായി കമ്മീഷനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും അത് റദ്ദാക്കണമെന്നും വഖഫ് ബോർഡ് ആവശ്യപ്പെട്ടു. സുപ്രധാനമായ വിഷയത്തിൽ ഹൈക്കോടതി തങ്ങളുടെ വാദം കേൾക്കാൻ തയ്യാറായില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്. മുനമ്പം ഭൂമിയിൽ നിലവിൽ സുപ്രീം കോടതി തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വഖഫ് ബോർഡിന്റെ പുതിയ നീക്കം മുനമ്പം ചർച്ചകളിൽ വലിയ രാഷ്ട്രീയ-നിയമ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.