സൗദിയിലെ അമേരിക്കൻ എംബസിയിൽ ഉഗ്രസ്ഫോടനം; തീഗോളം ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്, കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപ്
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇന്ന് പുലർച്ചെ വൻ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ എംബസിയിൽ പതിച്ചതായും തുടർന്ന് ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എംബസി പരിസരത്ത് നിന്ന് വലിയ തോതിൽ തീഗോളങ്ങളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണെന്നും ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും സൗദി അധികൃതർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സൗദിയിലെ അമേരിക്കൻ പൗരന്മാരോട് വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കാൻ എംബസി നിർദ്ദേശം നൽകി. മേഖലയിലെ സൈനിക താവളങ്ങളിലേക്കുള്ള യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എംബസിക്ക് നേരെയുള്ള ആക്രമണത്തിനും യുഎസ് സൈനികർ കൊല്ലപ്പെട്ടതിനും കനത്ത തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തിരിച്ചടി എങ്ങനെയുള്ളതായിരിക്കുമെന്ന് ലോകം ഉടൻ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനെതിരെയുള്ള തിരിച്ചടിക്ക് നിലവിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധക്കളത്തിലേക്ക് ഇറക്കേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെയുള്ള വലിയ വെല്ലുവിളിയായാണ് പെന്റഗൺ കണക്കാക്കുന്നത്.