യുഎസ് വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം; രണ്ട് നാവികർക്ക് പരിക്ക്
തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്.
കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ തന്നെ കപ്പലിലെ മെഡിക്കൽ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും യുഎസ് നേവി അറിയിച്ചു.
തീപിടിത്തത്തെത്തുടർന്ന് കപ്പലിൽ കനത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. എന്നാൽ, അധികം വൈകാതെ തന്നെ അഗ്‌നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ നീക്കങ്ങൾ ഏകോപിപ്പിക്കുന്നത് ജെറാൾഡ് ആർ. ഫോർഡ് ഉൾപ്പെടെയുള്ള കപ്പലുകളാണ്. ഇറാന്റെ മിസൈൽ പ്രഹരങ്ങൾ പ്രതിരോധിക്കുന്നതിലും വ്യോമാക്രമണങ്ങൾ നടത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഈ കപ്പലിലുണ്ടായ അപകടം അതീവ ഗൗരവത്തോടെയാണ് പെന്റഗൺ കാണുന്നത്. ശത്രുരാജ്യത്തിന്റെ ആക്രമണമല്ല, മറിച്ച് ആഭ്യന്തരമായ കാരണങ്ങളാലാണ് തീപിടിത്തമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ കപ്പലിന്റെ പ്രവർത്തനത്തെയോ സൈനിക നീക്കത്തെയോ അപകടം ബാധിച്ചിട്ടില്ലെന്നും കപ്പൽ സുരക്ഷിതമായി തുടരുന്നുണ്ടെന്നും നാവികസേന വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, മേഖലയിലെ അമേരിക്കൻ സൈനികാധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.