‘ഗോവിന്ദൻ പരിഹസിച്ചു, ജില്ലാനേതൃത്വം തഴഞ്ഞു’; പാർട്ടി വിടുമെന്ന സൂചന നൽകി ജി. സുധാകരൻ
ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി അംഗത്വം പുതുക്കാതിരുന്നതോടെയാണ് അദ്ദേഹം ഔദ്യോഗികമായി സി.പി.എമ്മിന് പുറത്താകുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരസ്യമായ പരിഹാസവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ തുടർച്ചയായ അവഗണനയുമാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.
നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ തയ്യാറായ തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ച തന്നെപ്പോലൊരു നേതാവിനെ അതിന്റെ വാർഷികാഘോഷത്തിന് പോലും ക്ഷണിച്ചില്ല. സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് ചില കീഴ്ഘടകങ്ങൾ അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗോവിന്ദന്റെ ചിരിയും സുധാകരന്റെ പടിയിറക്കവും
വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ തന്നെ പരിഹസിച്ചു ചിരിക്കുകയും ‘പരിഗണന അർഹിക്കാത്തവൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് നീതികേടാണെന്ന് സുധാകരൻ പറഞ്ഞു. തന്നെപ്പോലൊരാൾ പാർട്ടിയിൽ തുടരുന്നത് നേതൃത്വത്തിന് ബുദ്ധിമുട്ടാണെങ്കിൽ മാറിനിൽക്കുന്നതാണ് മാന്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ടാലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.