28/03/2026
[fontresizer_tawhidurrahmandear_widget]

‘അങ്ങനെ ചെയ്താൽ അരമണിക്കൂർ കൊണ്ട് പശ്ചിമേഷ്യ ഒന്നാകെ ഇരുട്ടിലാകും, യുഎസ് സൈനികരെ വേട്ടയാടാൻ എളുപ്പമാകും’; ട്രംപിന് മുന്നറിയിപ്പുമായി അലി ലാരിജാനി

 ‘അങ്ങനെ ചെയ്താൽ അരമണിക്കൂർ കൊണ്ട് പശ്ചിമേഷ്യ ഒന്നാകെ ഇരുട്ടിലാകും, യുഎസ് സൈനികരെ വേട്ടയാടാൻ എളുപ്പമാകും’; ട്രംപിന് മുന്നറിയിപ്പുമായി അലി ലാരിജാനി

തെഹ്റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഇറാന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ പശ്ചിമേഷ്യയാകെ ഇരുട്ടിലാകുമെന്നും, ആ ഇരുട്ടിൽ ജീവൻ രക്ഷിക്കാൻ ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടുമെന്നും മുതിർന്ന ഇറാനിയൻ നേതാവ് അലി ലാരിജാനി മുന്നറിയിപ്പ് നൽകി. അതിവേഗം യുദ്ധം വിജയിക്കാനാകുമെന്ന ട്രംപിന്റെ പരാമർശത്തോടും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. കുറച്ച് ട്വീറ്റ് ഇട്ട് യുദ്ധം ജയിക്കാനാകില്ലെന്നും ലാരിജാനി വ്യക്തമാക്കി.

ഇറാന്റെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ലാരിജാനി എക്‌സിൽ പ്രതികരിച്ചത്. ‘അവർ അത് ചെയ്താൽ അരമണിക്കൂറിനുള്ളിൽ പശ്ചിമേഷ്യ ഒന്നാകെ ഇരുട്ടിലാകും. ആ ഇരുട്ട് ജീവൻ രക്ഷിക്കാൻ ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകും,’ ലാരിജാനി മുന്നറിയിപ്പ് നൽകി.

യുദ്ധം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ ഏതാനും ട്വീറ്റുകൾ കൊണ്ട് അത് ജയിക്കാനാവില്ലെന്നും ലാരിജാനി പരിഹസിച്ചു. ട്രംപിന്റേത് വലിയ തെറ്റായ കണക്കുകൂട്ടലാണെന്നും ഇതിന് അദ്ദേഹം ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #TrumpMustPay എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

അതിവേഗ വിജയം ലക്ഷ്യമിട്ടാണ് ട്രംപ് യുദ്ധം തുടങ്ങിയതെങ്കിലും പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിരോധമാണ് നേരിടുന്നത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന ഭീഷണിയിലൂടെ മനഃശാസ്ത്ര യുദ്ധത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു.

ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് കൂടിയായ ലാരിജാനിയുടെ പ്രസ്താവന പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വഷളാക്കാനാണ് സാധ്യത. നിലവിൽ എണ്ണവില വർധനയും യുദ്ധം നീണ്ടുപോകുന്നതും ട്രംപിന് ആഭ്യന്തരമായി വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.

Also read: