‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’; മിസൈലിൽ സന്ദേശമെഴുതി അമേരിക്കയ്ക്ക് ഇറാന്റെ ‘മനഃശാസ്ത്ര പ്രഹരം’?
തെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലിലെ സന്ദേശം വലിയ ചർച്ചയാകുകയാണ്. ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തെ പരാമർശിച്ചുകൊണ്ട്, ‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’ എന്ന വാചകമാണ് മിസൈലിൽ പേർഷ്യൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീൻ രേഖകളിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവുമെല്ലാം പരോക്ഷമായി സൂചിപ്പിച്ചാണ് ഇത്തരമൊരു നടപടി. ഔദ്യോഗിക ഇറാൻ വാർത്താ ചാനലായ ‘പ്രസ് ടിവി’ തങ്ങളുടെ എക്‌സ് ഹാൻഡിലിൽ മിസൈലിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. എന്നാൽ, ചിത്രത്തിന്റെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പതിനൊന്നാം ദിവസമായ മാർച്ച് 10-നാണ് മിസൈലിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടത്. പാശ്ചാത്യ രാജ്യങ്ങളിലെ ധാർമിക അധഃപതനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായാണ് ഇറാൻ ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിക്കുന്നത്.
അമേരിക്കൻ വ്യവസായിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ തന്റെ സ്വകാര്യ ദ്വീപിൽ പ്രമുഖർക്കായി ഒരുക്കിയിരുന്ന സെക്‌സ് ട്രാഫിക്കിങ് ശൃംഖല വലിയ വിവാദമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള പല പ്രമുഖരുടെയും പേരുകൾ എപ്സ്റ്റീന്റെ രേഖകളിൽ ഉണ്ടെങ്കിലും, തനിക്കെതിരെയുള്ള ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിട്ടുണ്ട്.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരുന്നത് തടയാനും ആഭ്യന്തര വിവാദങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് അമേരിക്ക ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഫെബ്രുവരിയിൽ ആയത്തുല്ല അലി ഖാംനഇ നടത്തിയ പ്രസംഗത്തിൽ എപ്സ്റ്റീൻ ദ്വീപിനെ പാശ്ചാത്യ ലിബറൽ ജനാധിപത്യത്തിന്റെ യഥാർത്ഥ മുഖമായി വിശേഷിപ്പിച്ചിരുന്നു.
മിസൈലിന്റെ ചിത്രം പുറത്തുവന്നതോടെ ഇറാന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന് പേരാണ് പ്രതികരിക്കുന്നത്. ‘അമേരിക്കയും ഇസ്രയേലും ചെയ്യാത്ത നീതി ഇറാൻ ഇരകൾക്ക് വേണ്ടി ചെയ്യുന്നു’ എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് കേവലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച പ്രൊപ്പഗണ്ട ദൃശ്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഏതായാലും, യുദ്ധക്കളത്തിലെ യഥാർത്ഥ ആക്രമണങ്ങൾക്കൊപ്പം തന്നെ ഡിജിറ്റൽ ലോകത്ത് പാശ്ചാത്യ രാജ്യങ്ങളെ പ്രതിരോധത്തിലാക്കാൻ ഇത്തരം ‘മീം’ യുദ്ധതന്ത്രങ്ങളും ഇറാൻ പയറ്റുന്നുണ്ട്. ഫെബ്രുവരിയിൽ നടന്ന വിപ്ലവ വാർഷിക ആഘോഷങ്ങൾക്കിടയിലും എപ്സ്റ്റീൻ വിവാദവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഇറാൻ ഉപയോഗിച്ചിരുന്നു.