02/04/2026
[fontresizer_tawhidurrahmandear_widget]

കുവൈത്തിൽ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്‍റെ വൻ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

 കുവൈത്തിൽ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്‍റെ വൻ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വൻ നാശം. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 27-ാം ഘട്ടത്തിന്റെ ഭാഗമായാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണങ്ങൾ നടത്തിയത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.

കുവൈത്തിലെ പ്രധാന അമേരിക്കൻ താവളമായ അൽ-അദിരിയിലെ യുഎസ് ഹെലികോപ്റ്റർ റിപ്പയർ സെന്ററുകൾ, ഇന്ധന ടാങ്കുകൾ, കമാൻഡ് സെന്റർ എന്നിവ തങ്ങൾ തകർത്തതായി ഐആർജിസി അവകാശപ്പെട്ടു. അതിർത്തി സുരക്ഷാ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇതോടൊപ്പം തന്നെ അലി അൽ സലേം വ്യോമസേനാ താവളത്തിലെ റഡാർ ടവറിലേക്ക് ഇറാനിയൻ ഡ്രോൺ നേരിട്ട് ഇടിച്ചുകയറി വൻ സ്‌ഫോടനമുണ്ടായി.

സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുവൈത്തിലെ പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ ആസ്ഥാന മന്ദിരത്തിന് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തീപിടിച്ചു. കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരവധി മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനുള്ള തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ ഇറാൻ ലക്ഷ്യംവയ്ക്കുന്നത്.

Also read: