28/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാൻ ഇസ്രയേലിലേക്ക് അയച്ച 50% മിസൈലുകളിലും ക്ലസ്റ്റർ ബോംബുകൾ; എയർ ഡിഫൻസിന് വെല്ലുവിളി’-യുദ്ധക്കുറ്റം ആരോപിച്ച് ഐഡിഎഫും

 ‘ഇറാൻ ഇസ്രയേലിലേക്ക് അയച്ച 50% മിസൈലുകളിലും ക്ലസ്റ്റർ ബോംബുകൾ; എയർ ഡിഫൻസിന് വെല്ലുവിളി’-യുദ്ധക്കുറ്റം ആരോപിച്ച് ഐഡിഎഫും

തെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്). ഇറാൻ ഇസ്രയേലിലേക്ക് അയച്ച പകുതിയോളം മിസൈലുകളിലും ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇസ്രയേൽ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും പിന്നാലെയാണ് ഇതേ ആരോപണവുമായി സൈന്യവും രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം മാരകമായ ‘ക്ലസ്റ്റർ ബോംബുകൾ’ അടങ്ങിയവയായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ജനവാസ മേഖലകളിൽ വലിയ തോതിൽ ആൾനാശം വരുത്താൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ നിരോധിത ആയുധങ്ങൾ പ്രയോഗിക്കുന്നതെന്ന് ഇസ്രയേൽ ആരോപിച്ചു.

സാധാരണ മിസൈലുകളിൽനിന്ന് വ്യത്യസ്തമായി, ആകാശത്തുവെച്ച് തന്നെ പൊട്ടിത്തെറിക്കുകയും ഡസൻ കണക്കിന് ചെറിയ ബോംബുകൾ ഭൂമിയിലേക്കു വിതറുകയും ചെയ്യുന്നതാണ് ക്ലസ്റ്റർ ബോംബ് അടങ്ങിയ മിസൈലുകളുടെ രീതി. ഏകദേശം എട്ട് കിലോമീറ്റർ ചുറ്റളവിൽ ഒരേസമയം നാശം വിതയ്ക്കാൻ ഇതിന് സാധിക്കും.

ഇക്കഴിഞ്ഞ തിങ്കളാഴ്ച യെഹൂദ് നഗരത്തിലുണ്ടായ ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പെറ്റാ തിക്വ സ്വദേശികളായ റുസ്തം ഗോലോമോവ്, അമിദ് മോർട്ടോസോവ് എന്നിവരാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ ബോംബ് പതിച്ച് മരിച്ചത്. പരിക്കേറ്റ മറ്റൊരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ജനവാസ കേന്ദ്രങ്ങളിലും സൈനിക-സർക്കാർ ആസ്ഥാനങ്ങളും ലക്ഷ്യമിട്ടാണ് മിസൈലുകൾ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ക്ലസ്റ്റർ മിസൈലുകൾ പലപ്പോഴും റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിനാൽ പലയിടങ്ങളിലും സൈറണുകൾ മുഴങ്ങിയില്ലെന്ന് പരാതിയുണ്ട്. ഇതിനെക്കുറിച്ച് ഇസ്രയേൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഈ മിസൈലുകൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്തെന്നും ഐഡിഎഫ് വിലയിരുത്തിയിട്ടുണ്ട്.

പൊട്ടിത്തെറിക്കാത്ത ചെറിയ ബോംബുകൾ ഭൂമിയിൽ കിടക്കാൻ സാധ്യതയുള്ളതിനാൽ മിസൈൽ അവശിഷ്ടങ്ങൾ കാണുന്നവർ അവയിൽ തൊടരുതെന്നും ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ഹോം ഫ്രണ്ട് കമാൻഡ് ജനങ്ങൾക്ക് കർശന നിർദേശം നൽകി. ഇവ പലപ്പോഴും കുഴിബോംബുകളെപ്പോലെ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ജനവാസ മേഖലകൾക്ക് നേരെ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ, ഇസ്രയേലും ഇറാനും ക്ലസ്റ്റർ ബോംബുകൾ നിരോധിച്ചുകൊണ്ടുള്ള 2008-ലെ അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യങ്ങളാണ്. അതിനാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടി ഇറാനെതിരെ നിയമനടപടി സ്വീകരിക്കുക എന്നതും പ്രയാസമുള്ള കാര്യമാണെന്നാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുദ്ധം പത്തു ദിവസം പിന്നിടുമ്പോൾ, ഇറാന്റെ പക്കലുള്ള മിസൈൽ ലോഞ്ചറുകളിൽ 75 ശതമാനവും തകർക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നിരുന്നാലും, ശേഷിക്കുന്ന മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തുന്ന ഇത്തരം ക്രൂരമായ ആക്രമണങ്ങൾ തടയുക എന്നത് ഇസ്രയേലിന് വലിയ വെല്ലുവിളിയായി തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read: