28/03/2026
[fontresizer_tawhidurrahmandear_widget]

മിസൈൽ രാസവസ്തുക്കളുമായി ചൈനയിൽനിന്ന് ഇറാൻ കപ്പലുകൾ പുറപ്പെട്ടു; നിരീക്ഷണം ശക്തമാക്കി അമേരിക്ക

 മിസൈൽ രാസവസ്തുക്കളുമായി ചൈനയിൽനിന്ന് ഇറാൻ കപ്പലുകൾ പുറപ്പെട്ടു; നിരീക്ഷണം ശക്തമാക്കി അമേരിക്ക

വാഷിങ്ടൺ/ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടെ ചൈനയിൽനിന്ന് രണ്ട് കപ്പലുകൾ ഇറാനിലേക്കു തിരിച്ചതായി റിപ്പോർട്ട്. മിസൈൽ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ നിറച്ച കപ്പലുകളാണ് ഇറാൻ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മിസൈൽ സംഭരണശാലകൾക്കും ഇന്ധന നിർമാണ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെയാണു പുതിയ വാർത്ത വരുന്നത്.

‘ശബ്ദിസ്’, ‘ബർസിൻ’ എന്നിങ്ങനെ രണ്ട് ചരക്ക് കപ്പലുകളാണ് ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള ഗാവോലൻ കെമിക്കൽ സ്റ്റോറേജ് തുറമുഖത്തുനിന്ന് പുറപ്പെട്ടത്. ഇറാന്റെ ഉടമസ്ഥതയിലുള്ളതാണു രണ്ടു കപ്പലുമെന്നാണു വിവരം. അമേരിക്കയും യൂറോപ്യൻ യൂനിയനും ഈ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയ ‘ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ഷിപ്പിങ് ലൈൻസ്’ ആണ് കപ്പൽ ഉടമസ്ഥർ.

ഖര മിസൈൽ ഇന്ധനം നിർമിക്കാൻ ഉപയോഗിക്കുന്ന ‘സോഡിയം പെർക്ലോറേറ്റ്’ എന്ന രാസവസ്തുവാണ് ഈ കപ്പലുകളിൽ ഉള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. ഇറാന്റെ മിസൈൽ ശേഷി പുനഃസ്ഥാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.

അമേരിക്കയുമായി നേരിട്ടുള്ള സംഘർഷം നിലനിൽക്കുന്ന ഈ സമയത്ത് കപ്പലുകൾ വിട്ടുനൽകിയ ചൈനയുടെ നടപടി നയതന്ത്ര വിദഗ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയുടെ പേരിൽ വേണമെങ്കിൽ ഈ കപ്പലുകൾ തടയാമായിരുന്നുവെങ്കിലും ചൈന അതിനു തയ്യാറായില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

‘ബർസിൻ’ എന്ന കപ്പൽ അടുത്ത ആഴ്ചയോടെ ഇറാന്റെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലും, ‘ശബ്ദിസ്’ മാർച്ച് 16-ഓടെ ചബഹാർ തുറമുഖത്തും എത്തുമെന്നാണ് റിപ്പോർട്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഇറാൻ നാവികസേനയുടെ വലിയ താവളങ്ങളുണ്ട്.

ഇറാന്റെ മിസൈൽ പ്രതിരോധം തകർന്ന സാഹചര്യത്തിൽ ഇത്തരം രാസവസ്തുക്കളുടെ ലഭ്യത അവർക്ക് നിലനിൽപ്പിന്റെ പ്രശ്‌നമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പലുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നത് തടയാൻ അമേരിക്ക സൈനിക നീക്കം നടത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Also read: