28/03/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം കഴിച്ചു’- ദേവഗൗഡയെ പരിഹസിച്ച് ഖാർഗെ; ചിരിയടക്കാനാകാതെ പ്രധാനമന്ത്രി, രാജ്യസഭയിൽ ചിരിപ്പൂരം

 ‘ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം കഴിച്ചു’- ദേവഗൗഡയെ പരിഹസിച്ച് ഖാർഗെ; ചിരിയടക്കാനാകാതെ പ്രധാനമന്ത്രി, രാജ്യസഭയിൽ ചിരിപ്പൂരം

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കടുത്ത വാദപ്രതിവാദങ്ങൾക്കിടയിലും ചിരിയുടെയും സൗഹൃദത്തിന്റെയും അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യസഭ. വിരമിക്കുന്ന അംഗങ്ങൾക്കുള്ള വിടവാങ്ങൽ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ നർമ്മപരാമർശങ്ങളാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടുകളെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പരിഹാസം.

“കഴിഞ്ഞ 54 വർഷമായി എനിക്ക് ദേവഗൗഡയെ അറിയാം. അദ്ദേഹം ഞങ്ങളുമായി പ്രണയത്തിലായിരുന്നു, എന്നാൽ വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. മുൻപ് കോൺഗ്രസുമായി സഖ്യത്തിലായിരുന്ന ദേവഗൗഡയുടെ ജെഡി(എസ്) പാർട്ടി, ഇപ്പോൾ ബിജെപിയോടൊപ്പം ചേർന്നതിനെയാണ് ഖാർഗെ നർമ്മത്തിൽ ചാലിച്ച വരികളിലൂടെ അവതരിപ്പിച്ചത്.

കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയെയും ഖാർഗെ വെറുതെ വിട്ടില്ല. അത്താവാലെയുടെ കവിതകൾ എപ്പോഴും പ്രധാനമന്ത്രിയെ പുകഴ്ത്താൻ മാത്രമുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു. മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രിയും നർമ്മം കലർത്തി സംസാരിച്ചു. വിരമിക്കുന്ന എംപിമാരുടെ സേവനങ്ങളെ അഭിനന്ദിച്ച മോദി, രാഷ്ട്രീയത്തിൽ ‘പൂർണ്ണവിരാമങ്ങൾ’ ഇല്ലെന്നും ദേവഗൗഡയെയും ഖാർഗെയെയും പോലുള്ള മുതിർന്ന നേതാക്കളിൽ നിന്ന് പുതിയ അംഗങ്ങൾ പാഠമുൾക്കൊള്ളണമെന്നും ഓർമ്മിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗങ്ങൾ പരസ്പരം തമാശകൾ പങ്കുവെച്ചതോടെ സഭയിൽ ഏറെക്കാലത്തിന് ശേഷം ഊഷ്മളമായ അന്തരീക്ഷം പ്രകടമായി.

Also read: