28/03/2026
[fontresizer_tawhidurrahmandear_widget]

സക്കർബർഗിനും പണികിട്ടി; ഇസ്രയേലിലെ ഓഫീസ് പൂട്ടി മെറ്റ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജീവനക്കാർക്ക് നിർദേശം

 സക്കർബർഗിനും പണികിട്ടി; ഇസ്രയേലിലെ ഓഫീസ് പൂട്ടി മെറ്റ, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജീവനക്കാർക്ക് നിർദേശം

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി.

ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു.

വീടുകളിൽ സുരക്ഷിതമായ ബോംബ് ഷെൽട്ടറുകൾ ഇല്ലാത്ത ജീവനക്കാർ ഉടൻ തന്നെ അത്തരം സൗകര്യങ്ങളുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്ന് മെമോയിൽ നിർദേശിച്ചു. ‘എല്ലാവരുടെയും വീടുകളിൽ സുരക്ഷിതമായ ഷെൽട്ടറുകൾ ഉണ്ടാവില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്താൻ കമ്പനി പൂർണ പിന്തുണ നൽകും’-മെറ്റാ മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച മെമ്മോയിൽ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ ജീവനക്കാരുടെ ജീവനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനി അറിയിച്ചു. അവർക്ക് ആവശ്യമായ എല്ലാ സാമ്പത്തിക-സാങ്കേതിക സഹായങ്ങളും കമ്പനി ഉറപ്പാക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിൽ യുദ്ധം 13 ദിവസം പിന്നിടുമ്പോൾ, ഇസ്രയേലിൽ പ്രവർത്തിക്കുന്ന പല അന്താരാഷ്ട്ര ടെക് കമ്പനികളും തങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുകയോ ഓഫീസുകൾ താൽക്കാലികമായി പൂട്ടുകയോ ചെയ്തിട്ടുണ്ട്. തെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി മെറ്റാ ഓഫീസ് പൂട്ടിയത്. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും സമാനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായാണ് വിവരം.

Also read: