29/03/2026
[fontresizer_tawhidurrahmandear_widget]

‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, മുഖ്യമന്ത്രിക്ക് മലയാളം അറിയില്ല’; പിണറായിക്കെതിരെ തുറന്നടിച്ച് ജി. സുധാകരൻ

 ‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, മുഖ്യമന്ത്രിക്ക് മലയാളം അറിയില്ല’; പിണറായിക്കെതിരെ തുറന്നടിച്ച് ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ രംഗത്ത്. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ആ വാക്കിന്റെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

തന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണെന്നും, തന്നെ അധിക്ഷേപിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗത്തിന്റെ അടയാളത്തെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ഞാൻ താമസിച്ചത്. ചാണകം മെഴുകിയ തിണ്ണയിലായിരുന്നു എന്റെ ജീവിതം. മുഖ്യമന്ത്രി നിഘണ്ടു വായിച്ചിട്ടില്ല, അദ്ദേഹത്തിന് മലയാള ഭാഷയുടെ അർത്ഥങ്ങൾ അറിയില്ല” – സുധാകരൻ കൂട്ടിച്ചേർത്തു. തന്നെ ‘വറ്റ മത്സ്യം’ എന്ന് വിളിച്ചാൽ പോലും തിരിച്ച് ചീത്ത പറയില്ലെന്നും അത് തന്റെ സംസ്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്ററി വ്യാമോഹമെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനും സുധാകരൻ കൃത്യമായ മറുപടി നൽകി. ഒൻപത് തവണയാണ് പിണറായി വിജയൻ മത്സരിച്ചതെന്നും ആർക്കും എളുപ്പത്തിൽ ജയിക്കാവുന്ന സുരക്ഷിതമായ മണ്ഡലത്തിലാണ് അദ്ദേഹം എപ്പോഴും നിൽക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. സി.പി.എമ്മിലെ വിഭാഗീയത പുതിയ തലത്തിലെത്തിയതോടെ കേരള രാഷ്ട്രീയത്തിൽ സുധാകരന്റെ ഈ തുറന്നടി വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

Also read: