‘എനിക്കെതിരേ 36 കേസ്, 55 മണിക്കൂർ ചോദ്യംചെയ്തു; പക്ഷേ, കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ല’- രാഹുൽ ഗാന്ധി
പത്തനംതിട്ട: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുമ്പോഴും കേരള മുഖ്യമന്ത്രിക്ക് നേരെ ബിജെപി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
രാജ്യത്ത് ബിജെപിയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക ശക്തി കോൺഗ്രസ് ആണെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ ബിജെപി അധികാരത്തിലിരുന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ അവരുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. എൽഡിഎഫ് നേതൃത്വം അഴിമതി നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ബിജെപിയിൽ നിന്ന് അവർക്ക് യാതൊരു സമ്മർദ്ദവുമില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
“എന്റെ പേരിൽ 36 കേസുകളുണ്ട്, 55 മണിക്കൂർ തുടർച്ചയായി എന്നെ ചോദ്യം ചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ല. ഇതാണ് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ ആദ്യ തെളിവ്.” – രാഹുൽ ഗാന്ധി പറഞ്ഞു.
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെയും രാഹുൽ വിമർശിച്ചു. കേരളത്തിലെത്തിയ പ്രധാനമന്ത്രി ശബരിമലയിൽ നടന്ന കാര്യങ്ങൾ മറന്നുപോയിരിക്കുന്നു. ബിജെപിക്ക് ദോഷം സംഭവിക്കുമെന്ന് കരുതിയാണ് വിശുദ്ധമായ ക്ഷേത്രത്തിന് നേരെ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അദ്ദേഹം മിണ്ടാത്തത്. ഇതിലൂടെ മോദിക്ക് മതത്തോടോ ക്ഷേത്രങ്ങളോടോ യഥാർത്ഥത്തിൽ യാതൊരു കരുതലുമില്ലെന്നും ബിജെപിയും എൽഡിഎഫും ഒന്നാണെന്നുമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.