‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട’
ചിറയിൻകീഴ്: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വ്യക്തിഹത്യയ്ക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ മറുപടിയുമായി മുൻ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസ്. 1.5 ലക്ഷം രൂപ ശമ്പളം തികയില്ലെന്ന് താൻ പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും രമ്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തന്റെ ലളിതമായ ജീവിതസാഹചര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് രമ്യ വിമർശകർക്ക് മറുപടി നൽകിയത്. പഞ്ചായത്ത് സഹായത്തോടെ നിർമിച്ച, സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന തനിക്ക് ഒരു മാസം ജീവിക്കാൻ 5000 രൂപ പോലും ആവശ്യമില്ലെന്ന് രമ്യ പറയുന്നു. മറ്റു വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാത്ത തന്നെപ്പോലെ ഒരു സാധാരണക്കാരിക്ക് ആലത്തൂർ പോലുള്ള വലിയൊരു മണ്ഡലത്തിലെ ജനങ്ങളിലേക്ക് ഓടിയെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞതിനെയാണ് ശമ്പളം തികയുന്നില്ലെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇല്ലായ്മയുടെ കുട്ടിക്കാലത്തും ഇന്നും ഒരു ആർഭാടമോ അലങ്കാരമോ എന്നെ മോഹിപ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് എനിക്ക് ശമ്പളം തികയാതെ വരുന്നത്?” – രമ്യ ചോദിക്കുന്നു.
മണ്ഡലത്തിൽ വികസനം നടത്താതെ പാട്ടും പാടി നടന്നു എന്ന വിമർശനങ്ങൾക്കും കൃത്യമായ കണക്കുകൾ നിരത്തി അവർ മറുപടി നൽകി. എംപി വികസന ഫണ്ടുകൾ പൂർണമായും ചെലവഴിച്ചിട്ടുണ്ടെന്നും പാർലമെന്റ് യോഗങ്ങളിൽ കൃത്യമായി പങ്കെടുത്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലെങ്കിലും മലയാളികളെ അപമാനിക്കാത്ത ഇംഗ്ലീഷിൽ തന്നെ പാർലമെന്റിലെ ചർച്ചകളിൽ പങ്കെടുത്തതായും കേരളത്തിന്റെ പ്രശ്നങ്ങൾ സബ്മിഷനിലൂടെ അവതരിപ്പിച്ചതായും അവർ ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഷൻ നേരിടേണ്ടി വന്നതും ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിച്ചതും ആർക്കും പരിശോധിക്കാവുന്നതാണെന്ന് രമ്യ കുറിപ്പിൽ വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ കോട്ടകളിൽ യുഡിഎഫിന് വേണ്ടി പൊരുതുന്നതിനാലാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്ന് രമ്യ ആരോപിച്ചു. 2019-ൽ ആലത്തൂർ തിരിച്ചുപിടിച്ചതും, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വൻതോതിൽ കുറയ്ക്കാൻ സാധിച്ചതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. 40,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ചേലക്കരയിൽ ഭൂരിപക്ഷം 11,000-ലേക്ക് താഴ്ത്താൻ കഴിഞ്ഞത് നേട്ടമാണെന്നും അവർ വിലയിരുത്തി. ഇടത് പക്ഷത്തെ എതിർക്കുന്നവരെ വ്യക്തിപരമായി ആക്രമിക്കുന്ന നയത്തിന്റെ ഇരയാവുകയാണ് താനെന്നും രമ്യ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും വ്യാജ ഐഡികളിൽ നിന്നാണെന്നും, ഒരു നുണ 1000 തവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയാണെന്നും അവർ കുറിപ്പിൽ ആരോപിക്കുന്നു. വ്യക്തികളല്ല, മറിച്ച് യുഡിഎഫ് എന്ന മുന്നണിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ജനാധിപത്യപരമായ പോരാട്ടത്തിൽ ജനങ്ങൾ കൂടെയുണ്ടാകുമെന്നും പറഞ്ഞാണ് രമ്യ ഹരിദാസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.