03/04/2026
[fontresizer_tawhidurrahmandear_widget]

ഇറാനുമായി ബന്ധം വിച്ഛേദിക്കണമെന്ന് അമേരിക്ക; പറ്റില്ലെന്ന് ദക്ഷിണാഫ്രിക്ക

 ഇറാനുമായി ബന്ധം വിച്ഛേദിക്കണമെന്ന് അമേരിക്ക; പറ്റില്ലെന്ന് ദക്ഷിണാഫ്രിക്ക

പ്രിട്ടോറിയ: ഇറാനുമായുള്ള ദീർഘകാല നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക. നയതന്ത്രതലത്തിലുള്ള സമ്മർദതന്ത്രമാണ് ആഫ്രിക്കൻ രാജ്യം തള്ളിക്കളഞ്ഞത്. ഇറാനുമായുള്ള ബന്ധം അമേരിക്കയുമായുള്ള സൗഹൃദത്തിന് തടസ്സമാണെന്ന പുതിയ യുഎസ് അംബാസഡർ ലിയോ ബോസലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വൻശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ സെയ്ൻ ഡാംഗർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു കാരണവുമില്ലെന്ന് ഡാംഗർ വ്യക്തമാക്കി. എന്നാൽ, ഇറാന്റെ ചില നടപടികളെ ദക്ഷിണാഫ്രിക്ക വിമർശിച്ചിട്ടുണ്ട്. ജനുവരിയിൽ ഇറാനിലുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതും അയൽരാജ്യങ്ങളെ ആക്രമിച്ചതും ശരിയല്ലെന്ന് സിറിൽ രാമഫോസ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും അമേരിക്കയുടെ സമ്മർദരാഷ്ട്രീയത്തിന് കീഴ്‌പ്പെടാൻ തയ്യാറല്ലെന്നാണ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടൊപ്പം, ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസ് പിൻവലിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യവും ദക്ഷിണാഫ്രിക്ക തള്ളിയിട്ടുണ്ട്. ഇത് ഒരു കോടതി നടപടിയാണെന്നും അതിൽനിന്ന് പിന്മാറുന്നത് ആലോചനയിൽ പോലുമില്ലെന്നും ഡാംഗർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർ വംശഹത്യ നേരിടുന്നു എന്ന ട്രംപിന്റെ ആരോപണത്തെ ദക്ഷിണാഫ്രിക്ക രൂക്ഷമായി വിമർശിച്ചു. വെള്ളക്കാർക്കായി അമേരിക്ക നടപ്പിലാക്കിയ പ്രത്യേക അഭയാർത്ഥി പ്രോഗ്രാമിനെ രാജ്യം അംഗീകരിക്കില്ല. ഇതൊരു വിവേചനപരമായ കുടിയേറ്റ പദ്ധതിയാണെന്നും ‘അഭയാർത്ഥി’ എന്ന വാക്ക് ഇതിന് ചേരില്ലെന്നും ഡാംഗർ പരിഹസിച്ചു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 30 ശതമാനം താരിഫ് ഏർപ്പെടുത്തിയത് രാജ്യത്തെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. താരിഫ് കുറയ്ക്കണമെങ്കിൽ കറുത്ത വർഗക്കാരുടെ ശാക്തീകരണത്തിനായി കൊണ്ടുവന്ന നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ ആഭ്യന്തര നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും തങ്ങളില്ലെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ വ്യക്തമാക്കി.

ട്രംപിന്റെ രണ്ടാം ഊഴത്തിൽ അമേരിക്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിദേശനയമാണ് തങ്ങളുടേതെന്നും അതിൽ വൻശക്തികളുടെ സമ്മർദ്ദം വിലപ്പോവില്ലെന്നുമാണ് ദക്ഷിണാഫ്രിക്ക നൽകുന്ന സന്ദേശം.

Also read: